LiveTV

Live

National

കോവിഡ് ഭേദമായി വീട്ടിലെത്തിയ 50 കാരന് സുഹൃത്തുക്കളുടെ വക ഗംഭീര പാര്‍ട്ടി; ലോക് ഡൌണ്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെ കേസ്

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിര്‍കാഴിയിലാണ് സംഭവം


കോവിഡ് ഭേദമായി വീട്ടിലെത്തിയ 50 കാരന് സുഹൃത്തുക്കളുടെ വക ഗംഭീര പാര്‍ട്ടി; ലോക് ഡൌണ്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെ കേസ്

കോവിഡ് 19 രോഗം ഭേദമായി വീട്ടിലെത്തിയ അന്‍പതുകാരന് സുഹൃത്തുക്കളുടെ വക ഗംഭീരപാര്‍ട്ടി നടത്തി. ഒടുവിലത് കേസാവുകയും ചെയ്തു. ഒത്തുകൂടിയ 14 പേര്‍ക്കും കോവിഡ് രോഗമുക്തി നേടിയ 14 പേര്‍ക്കെതിരെയുമാണ് ലോക്ഡൌണ്‍ ലംഘിച്ചതിന് കേസെടുത്തത്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിര്‍കാഴിയിലാണ് സംഭവം.

ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് സിര്‍കാഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇദ്ദേഹത്തെ തിരുവാരൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചയോളം ഇദ്ദേഹം ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്. ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു.

സുഹൃത്തുക്കളും പ്രദേശത്തുള്ളവരുമാണ് ഒത്തുകൂടിയത്. ആഘോഷിക്കാനായി പാര്‍ട്ടിയും ഒരുക്കി. സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട സിര്‍കാഴി വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബബിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 പേര്‍ക്കെതിരെ കേസെടുത്തത്. ലോക് ഡൌണ്‍ ലംഘനവുമായി ബന്ധപ്പെട്ടാണ് കേസെടുത്തതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ മണിമാരന്‍ പറഞ്ഞു.

അതേസമയം തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1,520 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 14 പേരാണ് വൈറസ് ബാധിച്ച് മരണമടഞ്ഞത്.