LiveTV

Live

National

അമേരിക്കയില്‍ എണ്ണവില പൂജ്യത്തിലും താഴെ; ഇന്ത്യക്ക് സന്തോഷിക്കാന്‍ വകയുണ്ടോ ?

ആവശ്യം കുത്തനെ കുറയുകയും മെയ് മാസത്തോടെ അമേരിക്കയിലെ എണ്ണ സംഭരണ സംവിധാനങ്ങളെല്ലാം നിറയുമെന്ന പേടി ഉയരുകയും ചെയ്തതോടെയാണ് എണ്ണവില നെഗറ്റീവായിരിക്കുന്നത്.

അമേരിക്കയില്‍ എണ്ണവില പൂജ്യത്തിലും താഴെ; ഇന്ത്യക്ക് സന്തോഷിക്കാന്‍ വകയുണ്ടോ ?

ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ എണ്ണവില പൂജ്യത്തിലും താഴെയായി. അമേരിക്ക ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് (ഡബ്യു.ടി.ഐ) ക്രൂഡിന്‍റെ വിലയാണ് കുത്തനെ ഇടിഞ്ഞത്. ആവശ്യം കുത്തനെ കുറയുകയും മെയ് മാസത്തോടെ അമേരിക്കയിലെ എണ്ണ സംഭരണ സംവിധാനങ്ങളെല്ലാം നിറയുമെന്ന പേടി ഉയരുകയും ചെയ്തതോടെയാണ് എണ്ണവില നെഗറ്റീവായിരിക്കുന്നത്. ഇതോടെ എണ്ണ ഉത്പാദകര്‍ വിതരണക്കാര്‍ക്ക് അങ്ങോട്ട് പണം നല്‍കിയാണ് എണ്ണ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുന്നത്.

കോവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ തുടര്‍ന്നതോടെ എണ്ണയുടെ ആവശ്യത്തിലുണ്ടായ വന്‍ ഇടിവാണ് എണ്ണവിലയെ പൂജ്യത്തിനും താഴെയെത്തിച്ചത്. ഒരു ബാരല്‍ (ഏതാണ്ട് 159 ലിറ്റര്‍) എണ്ണക്ക് എണ്ണ ഉത്പാദകര്‍ക്ക് 37.63 ഡോളര്‍(ഏതാണ്ട് 2,880 രൂപ) അങ്ങോട്ട് നല്‍കേണ്ട നിലവരെയുണ്ടായി. അതായത് ഒരു ലിറ്റര്‍ എണ്ണക്ക് ഏതാണ്ട് 18 രൂപവെച്ച് ഉത്പാദകര്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമാണ് എണ്ണവിലയില്‍ ഇത്രത്തോളം വലിയ ഇടിവുണ്ടാകുന്നത്.

ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടോ ?

അമേരിക്കന്‍ എണ്ണ വില പൂജ്യത്തിലും താഴെ പോയെങ്കിലും ഇതില്‍ ഇന്ത്യക്ക് സന്തോഷിക്കാന്‍ വകയില്ലെന്നാണ് നിഗമനം. വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് എന്ന ഡബ്യു.ടി.ഐ ക്രൂഡ് ഇന്ത്യ ഉപയോഗിക്കുന്നില്ല എന്നതു തന്നെയാണ് ഇതിന് കാരണം. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രന്‍റ് ക്രൂഡാണ്. ഇതിന്‍റെ നിലവിലെ വില ബാരലിന് 25.34 ഡോളറാണ്. 159 ലിറ്ററാണ് ഒരു ബാരല്‍. ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 1942 രൂപ. അതായത് ഒരു ലിറ്റര്‍ അസംസ്കൃത എണ്ണ വില ഏകദേശം 12 രൂപ. ഒരു ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുമ്പോള്‍ അതില്‍ നിന്ന് 47 ശതമാനം മാത്രമാണ് പെട്രോള്‍ ലഭിക്കുക. 23 ശതമാനം ഡീസലും ബാക്കി ജെറ്റ് ഫ്യൂവലും ടാറുമൊക്കെയാണ് ലഭിക്കുക.

ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴെ
Also Read

ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴെ

ഒപെകിന്‍റെ തീരുമാനങ്ങളാണ് ബ്രെന്‍റ് ക്രൂഡിന്‍റെ വില നിര്‍ണയത്തില്‍ പ്രതിഫലിക്കുക. ഒപെക്കും സഖ്യകക്ഷികളും ഈ മാസം ആദ്യം ഉൽ‌പാദനത്തിൽ കുറവു വരുത്താൻ തീരുമാനിച്ചിരുന്നു. ബ്രന്‍റ് ക്രൂഡിന്‍റെ വില ഇടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഏതായാലും ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില ഇടിഞ്ഞത് ബ്രന്‍റ് ക്രൂഡിന്‍റെ നിരക്കിനെ ബാധിക്കുമോയെന്ന് കാത്തിരുന്ന് കാണണം. ഇനി വില കുറഞ്ഞാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ മൂലം അതിന്‍റെ ഗുണം ജനങ്ങളിലേക്ക് നേരിട്ട് എത്തുമെന്നും ഉറപ്പിക്കാനാകില്ല.