LiveTV

Live

National

സ്വകാര്യ വിവരങ്ങള്‍ ചോരുന്നു, ‘സൂം’ ആപ്ലിക്കേഷന്‍ സുരക്ഷിതമല്ല; മുന്നറിയിപ്പുമായ് കേന്ദ്രം

50 പേരെ വരെ ഒരു വീഡിയോ കോൺഫറൻസ് കോളിൽ ചേര്‍ക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമായ സൂമിനെയാണ് കമ്പനികളും ജീവനക്കാരും വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ആശയവിനിമയത്തിനായ് ഏറ്റവും കൂടുതൽ ആശ്രയിച്ചത്.

സ്വകാര്യ വിവരങ്ങള്‍ ചോരുന്നു, ‘സൂം’ ആപ്ലിക്കേഷന്‍  സുരക്ഷിതമല്ല; മുന്നറിയിപ്പുമായ് കേന്ദ്രം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കായി ഏറ്റവും അധികം സ്ഥാപനങ്ങളും വ്യകതികളും ഉപയോഗിച്ച് വന്ന ആപ്ലികേഷനുകളില്‍ ഒന്നായ ‘സൂം’ സുരക്ഷിത പ്ലാറ്റ്ഫോം അല്ലെന്ന മുന്നറിയിപ്പുമായ് ആഭ്യന്തര മന്ത്രാലയം. സ്വകാര്യ ആവശ്യങ്ങൾക്കായി സൂം ഉപയോഗിക്കാൻ ഇപ്പോഴും താല്‍പര്യപ്പെടുന്ന ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി കേന്ദ്രം പുതിയ മാര്‍ഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആൻഡ്രോയ് ആപ്ലിക്കേഷനില്‍ ഒന്നാണ് ‘സൂം’. 50 പേരെ വരെ ഒരു വീഡിയോ കോൺഫറൻസ് കോളിൽ ചേര്‍ക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമായ സൂമിനെയാണ് കമ്പനികളും ജീവനക്കാരും വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ആശയവിനിമയത്തിനായ് ഏറ്റവും കൂടുതൽ ആശ്രയിച്ചത്. എന്നാൽ ഇപ്പോൾ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സൂമിനെക്കുറിച്ച് പുറത്ത് വരുന്നത് അത്ര നല്ല വാർത്തകളല്ല .

കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിൽ സൂം ആപ്ലിക്കേഷന്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സൂമിലെ മീറ്റിംഗുകൾക്കിടയിൽ അശ്ലീല വീഡിയോകളും സന്ദേശങ്ങളും തുടര്‍ച്ചയായി കടന്നുവരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉപയോക്താക്കൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയെ സമീപിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ മനസിലാക്കിയ ഗൂഗിള്‍, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഫോണിലും കമ്പ്യൂട്ടറില്‍ നിന്നും പൂര്‍ണമായ് സൂം ആപ്ലിക്കേഷന്‍ ഒഴിവാക്കിയിരുന്നു. ജർമ്മനി, സിംഗപ്പൂർ, തായ്‌വാൻ എന്നിവിടങ്ങളിലും ആപ്ലിക്കേഷന് നിരോധനമുണ്ട്.

അഞ്ച് ലക്ഷം സൂം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സൈബിളിന്‍റെ പുതിയ റിപ്പോർട്ട്. ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡാറ്റയും, സ്വകാര്യ വീഡിയോകളുമാണ് ഡാർക്ക് വെബിൽ വിൽക്കുന്നത്. പാസ്‌വേഡുകൾ, ഇമെയിലുകൾ, മീറ്റിംഗ് യു.ആർ.എൽ, ഡിവൈസുകളുടെ വിവരങ്ങൾ എന്നിവയെല്ലാം വില്പനയ്ക്കുണ്ട്. വെബ്‌ക്യാം മുതൽ മൈക്രോഫോൺ വരെ ലഭ്യമായിട്ടുള്ള എല്ലാ സംയോജിത ഡേറ്റയും ചോർത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂമിന്‍റെ വലിയ സുരക്ഷാവീഴ്ചയിലേക്കാണ് ഈ പ്രശ്നങ്ങള്‍ വിരൽ ചൂണ്ടുന്നത്.