LiveTV

Live

National

കോവിഡ് 19: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെ 9 പേർ മരിച്ചു

രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം നാല് സംസ്ഥാനങ്ങളില്‍ മരണവും വര്‍ധിക്കുകയാണ്.

കോവിഡ് 19: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെ 9 പേർ മരിച്ചു

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഒന്‍പത് പേർ മരിച്ചു. ആന്ധ്ര പ്രദേശില്‍ അഞ്ച് പേരും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 58 ആയി. തമിഴ്നാട്ടിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1242 ആയി. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ 2702 പേര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം നാല് സംസ്ഥാനങ്ങളില്‍ മരണവും വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്ര പ്രദേശിലെ മരണസംഖ്യ പതിനാലായി ഉയര്‍ന്നു. ഇന്നലെ മാത്രം അഞ്ചു പേരാണ് മരിച്ചത്. മൂന്ന് ദിവസത്തിനിടെ ഒന്‍പതു പേര്‍. ഇന്നലെ 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 525 ആയി. ഗുണ്ടൂര്‍, കര്‍നൂല്‍, നെല്ലൂര്‍ ജില്ലകളാണ് അതിജാഗ്രത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നിടങ്ങളിലുമായി 290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മൂന്ന് ദിവസത്തിനിടെ ആറു പേരാണ് കര്‍ണാടകയില്‍ മരിച്ചത്. ചിക്ബല്ലാപുരയിലും ബലഗാവിയിലുമാണ് ഇന്നലെ മരണം നടന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65കാരനും ബലഗാവിയിലെ 80കാരിയുമാണ് മരിച്ചത്. ഇതോടെ കർണാടകയിലെ മരണ സംഖ്യ പന്ത്രണ്ടായി. ഇന്നലെ 19 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 279 ആണ്. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ ഹോട് സപോട്ടുകളായി പ്രഖ്യാപിച്ചു. ബംഗളൂരുവിൽ മാത്രം 38 ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ ഇന്നലെ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ സ്വദേശിയായ 47കാരിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 59 കാരനുമാണ് മരിച്ചത്. ഇതുവരെ 17, 835 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ 38 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 485 ഇടങ്ങളാണ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയത്. ചെന്നൈ ഉള്‍പ്പെടെ 17 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങളിൽ കിയോസ്കുകൾ സ്ഥാപിച്ച് പരമാവധി ആളുകളെ പരിശോധിക്കാനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ വലിയ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകളായി മാറ്റാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

തെലങ്കാനയില്‍ ഇന്നലെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 650 ആയി. 118 പേര്‍ക്ക് രോഗം ഭേദമായി. 514 പേരാണ് ചികിത്സയില്‍ ഉള്ളത്. സംസ്ഥാനത്തെ മരണസംഖ്യ 18 ആണ്. പുതുച്ചേരിയില്‍ ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചത്.