LiveTV

Live

National

ലോക് ഡൌണ്‍; പട്ടിണി സഹിക്കാനാവാതെ ശ്മശാനത്തില്‍ ഉപേക്ഷിച്ച പഴങ്ങള്‍‌ കഴിച്ച് ഡല്‍ഹിയിലെ അതിഥി തൊഴിലാളികള്‍

യമുനാ നദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികളാണ് ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളില്‍ ചീഞ്ഞുപോകാത്തവ ശേഖരിക്കുന്നത്


ലോക് ഡൌണ്‍; പട്ടിണി സഹിക്കാനാവാതെ ശ്മശാനത്തില്‍ ഉപേക്ഷിച്ച പഴങ്ങള്‍‌ കഴിച്ച് ഡല്‍ഹിയിലെ അതിഥി തൊഴിലാളികള്‍

ലോക് ഡൌണ്‍ കാലത്ത് തങ്ങളുടെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് വേണ്ടത്ര സൌകര്യമൊരുക്കുന്നുണ്ടെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും ആഹാരമില്ലാത്തവരുണ്ടെന്ന് തെളിയിക്കുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ചകള്‍. പട്ടിണി സഹിക്കാനാവാതെ ശ്മശാനത്തില്‍ ഉപേക്ഷിച്ച പഴങ്ങള്‍ തിരയുന്ന കുറച്ചു മനുഷ്യര്‍ ഈ ലോക് ഡൌണ്‍ നാളുകളിലെ ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ചയാണ്.

യമുനാ നദീതീരത്തുള്ള ഡല്‍ഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടില്‍ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങള്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പെറുക്കിയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യമുനാ നദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികളാണ് ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളില്‍ ചീഞ്ഞുപോകാത്തവ ശേഖരിക്കുന്നതെന്ന് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഴപ്പഴങ്ങള്‍ പെട്ടന്ന് ചീഞ്ഞുപോകില്ലെന്നും അതിനാല്‍ ഒന്നോ രണ്ടോ ദിവസം അത് കഴിച്ച് ജീവന്‍ നിലനിര്‍ത്താമെന്നും തൊഴിലാളികള്‍ പറയുന്നു. സ്ഥിരമായി ഭക്ഷണം ലഭിക്കാറില്ലെന്നും അതുകൊണ്ടാണ് ശ്മശാനത്തിലെ പഴങ്ങള്‍ എടുക്കുന്നതെന്നും അലിഗഡില്‍ നിന്നുമുള്ള ഒരു തൊഴിലാളി പറഞ്ഞു. അടുത്തുള്ള ഗുരുദ്വാരയില്‍നിന്നാണ് ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നത്.

പെട്ടെന്നുള്ള ലോക് ഡൌണ്‍ നിരവധി തൊഴിലാളികളെയാണ് ഗുരുതരമായി ബാധിച്ചത്. കിടന്നുറങ്ങാന്‍ സ്ഥലമില്ലാത്തതിനാല്‍ യമുനാ തീരത്താണ് ഇവര്‍ തല ചായ്ക്കുന്നത്. പൊതുഗതാഗതമില്ലാത്തതിനാല്‍ സ്വന്തം നാട്ടിലേക്ക് പോകാനും സാധിക്കാത്ത അവസ്ഥയാണ്.