കോവിഡ്: ലുഡോ കളിക്കുന്നതിനിടെ ചുമച്ച യുവാവിന് നേരെ വെടിവെച്ചു
ഗ്രാമത്തിലുള്ളവര്‍ക്ക് മുഴുവന്‍ പ്രശാന്ത് ചുമച്ചുകൊണ്ട് കൊറോണ പരത്തുമെന്ന് പറഞ്ഞെത്തിയ ജയ് വീറാണ് വെടിവെച്ചത്...

ലുഡോ ബോര്‍ഡ് കളിക്കുന്നതിനിടെ തുടര്‍ച്ചയായി ചുമച്ച യുവാവിനു നേരെ കൊറോണ പരത്തുന്നുവെന്ന് ആരോപിച്ച് വെടിയുതിര്‍ത്തു. ഗ്രേറ്റര്‍ നോയിഡയില്‍ ചൊവ്വാഴ്ച്ച നടന്ന സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ പ്രശാന്ത് എന്ന യുവാവിനെ സമീപത്തെ കൈലാഷ് ആശുപത്രിയിലേക്ക് മാറ്റി. പ്രശാന്ത് അത്യാസന്ന നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ദയാനഗര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം നടന്നത്. രാത്രിയോടെയാണ് ജരാച പൊലീസ് സ്റ്റേഷനില്‍ വിവരം അറിയുന്നത്. നാല് പേര് ചേര്‍ന്ന് ലുഡോ ബോര്‍ഡ് കളിക്കുന്നതിനിടെ പ്രശാന്ത് എന്ന യുവാവ് ചുമക്കുകയായിരുന്നു.
ഈ ചുമകേട്ട് വീടിനകത്തുനിന്നും വന്ന ജയ് വീര്‍ പ്രശാന്ത് കൊറോണ പരത്തുകയാണെന്ന് ആരോപിച്ചു. ഇതിനെ യുവാവ് എതിര്‍ത്തതോടെ വാക്കേറ്റവും കയ്യാങ്കളിയുമാവുകയി. തുടര്‍ന്ന് ജയ് വീര്‍ നാടന്‍ തോക്കുപയോഗിച്ച് പ്രശാന്തിന്റെ തുടയിലേക്ക് വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
ജയ് വീറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307ആം വകുപ്പ് ചുമത്തി വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ജയ്വീറിനായി തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രശാന്ത് ഗുരുതരാവസ്ഥ തരണം ചെയ്തതായി കൈലാഷ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു.