LiveTV

Live

National

കര്‍ണാടകയില്‍ ദുരിതാശ്വാസ വിതരണത്തിലും വിവേചനം; ബി.ജെ.പി എം‌.എൽ‌.എമാരുടെ മണ്ഡലങ്ങളില്‍ മാത്രം ഭക്ഷ്യധാന്യ വിതരണമെന്ന് കോണ്‍ഗ്രസ്

കോവിഡ് വ്യാപനത്തിന്‍റെ പ്രതിസന്ധികള്‍ക്കിടയിലും കര്‍ണ്ണാടക സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായ് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.

കര്‍ണാടകയില്‍ ദുരിതാശ്വാസ വിതരണത്തിലും വിവേചനം; ബി.ജെ.പി എം‌.എൽ‌.എമാരുടെ മണ്ഡലങ്ങളില്‍ മാത്രം ഭക്ഷ്യധാന്യ വിതരണമെന്ന് കോണ്‍ഗ്രസ്

കോവിഡ് വ്യാപനത്തിന്‍റെ പ്രതിസന്ധികള്‍ക്കിടയിലും കര്‍ണ്ണാടക സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായ് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണകക്ഷിയിലുള്ള സ്വന്തം എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ മാത്രമാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത് എന്നാരോപിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും എന്നാല്‍ ബി.ജെ.പി ഈ സമയത്തും രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്‍റെ ആരോപണം, സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഡി.കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാർട്ടിയുടെ ഇടപെടലിനേക്കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ബൈരതി സുരേഷ്, സൗമ്യ റെഡ്ഡി, എന്‍.എ ഹാരിസ് തുടങ്ങിയവരുടെ മണ്ഡലങ്ങളില്‍ ഇതുവരേയും ഒരു സഹായവും എത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേശ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും ആ സമുദായത്തിനെതിരെ ഇപ്പോഴും സാമൂഹിക ബഹിഷ്‌ക്കരണം നടക്കുന്നുണ്ടെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുമായ് ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാർ സ്വീകരിച്ച മാതൃക പിന്തുടരണമെന്നും കോണ്‍ഗ്രസ് കര്‍ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു