LiveTV

Live

National

രണ്ടാഴ്ചയിലധികമായി ഭക്ഷണമില്ല; ലോക്ഡൌണ്‍ ലംഘിച്ച് ബംഗാളില്‍ 400ഓളം കുടുംബങ്ങള്‍ തെരുവിലിറങ്ങി

ഭക്ഷ്യക്ഷാമമില്ലെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാദങ്ങള്‍ക്ക് തൊട്ടു പിന്നാലെ ഇവര്‍ തെരുവിലറങ്ങിയത് സര്‍ക്കാരുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുകയാണ്

രണ്ടാഴ്ചയിലധികമായി ഭക്ഷണമില്ല; ലോക്ഡൌണ്‍ ലംഘിച്ച് ബംഗാളില്‍ 400ഓളം കുടുംബങ്ങള്‍ തെരുവിലിറങ്ങി

രണ്ടാഴ്ചയിലധികമായി ഭക്ഷ്യസാധനങ്ങള്‍ ലഭിക്കാതെ പട്ടിണിയിലാണെന്ന ആരോപണവുമായി ബംഗാളില്‍ 400ഓളം കുടുംബങ്ങള്‍ സംസ്ഥാന ഹൈവേ ഉപരോധിച്ചു. പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലാണ് ലോക്ഡൌണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന ആരോപണം മുന്‍നിര്‍ത്തിയാണ് ദോമ്കൽ മുനിസിപ്പാലിറ്റിയിലെ കുടുംബങ്ങൾ സംസ്ഥാന പാത ഉപരോധിച്ചത്.

ഭക്ഷണം കിട്ടുന്നില്ല എന്നാവശ്യപ്പെട്ട് ജനം തെരുവിലറങ്ങിയത് സംഭവം രാജ്യത്താകെ ആശങ്ക സൃഷ്ടിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് കേന്ദ്രവും, റേഷന്‍ വഴി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് മമത ബാനര്‍ജി സര്‍ക്കാരും വ്യക്തമാക്കിയിരിക്കെയാണ് ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭക്ഷ്യക്ഷാമമില്ലെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാദങ്ങള്‍ക്ക് തൊട്ടു പിന്നാലെ ഇവര്‍ തെരുവിലറങ്ങിയത് സര്‍ക്കാരുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.

‘സര്‍ക്കാര്‍ ഞങ്ങളെ ജോലിക്ക് പോകാന്‍ അനുവദിക്കുന്നില്ല. സൗജന്യ ഭക്ഷണവും തരുന്നില്ല. പ്രതിഷേധവുമായി ആളുകള്‍ ഒരുമിച്ച് കൂടിയാല്‍ കോവിഡ് വ്യാപന സാധ്യതയുണ്ട്. ഇക്കാര്യം തങ്ങള്‍ക്ക് അറിയാം. പക്ഷേ, ഭക്ഷണമില്ലാതെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബം പട്ടിണിയിലായ സാഹചര്യം വന്നപ്പോഴാണ് ഞങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയത്’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍ ഡീലര്‍മാര്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് മുന്‍സിപ്പാലിറ്റിയും ജില്ലാ ഭരണകൂടവും പറയുന്നു.ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കത്തത് റേഷന്‍ ഡീലര്‍മാരുടെ വീഴ്ചയാണെന്നും വീഴ്ചകള്‍ പരിഹരിച്ച് ഭക്ഷ്യലഭ്യത ഉറപ്പ് വരുത്താമെന്നുമുള്ള പ്രാദേശിക ഭരണകൂടത്തിന്‍റെ ഉറപ്പിന്മേലാണ് കുടുംബങ്ങള്‍ പിരിഞ്ഞ് പോയത്.