LiveTV

Live

National

ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നുവെന്ന് ചാനലില്‍ വാര്‍ത്ത; അതിഥി തൊഴിലാളികള്‍ റെയില്‍വെ സ്റ്റേഷനില്‍ ഒത്തുകൂടി, റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്

ഇതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ടറായ രാഹുല്‍ കുല്‍ക്കര്‍ണ്ണിക്കെതിരെ കേസെടുത്തത്

ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നുവെന്ന് ചാനലില്‍ വാര്‍ത്ത; അതിഥി തൊഴിലാളികള്‍ റെയില്‍വെ സ്റ്റേഷനില്‍ ഒത്തുകൂടി, റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്

ലോക്ഡൌണിന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് മറാത്തി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തു. ട്രയിന്‍ സര്‍വീസ് തുടങ്ങുന്നുവെന്ന് വ്യാജവാര്‍ത്ത കൊടുത്തതിനാണ് കേസ്.

അതിഥി തൊഴിലാളികള്‍ക്കായി ഏപ്രില്‍ 14ന് മുംബൈയില്‍ നിന്നും തീവണ്ടി സര്‍വീസ് പുനരാരംഭിക്കുന്നുവെന്ന് മറാത്തി ചാനലായ എബിപി മഹ്ജയില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ ബാന്ദ്ര റയില്‍വെ സ്റ്റേഷനില്‍ ഒത്തുകൂടുകയായിരുന്നു. എന്നാല്‍ ഇതൊരു വ്യാജവാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ടറായ രാഹുല്‍ കുല്‍ക്കര്‍ണ്ണിക്കെതിരെ കേസെടുത്തത്.

ട്രെയിനില്ലെന്നറിഞ്ഞതോടെ പ്രതിഷേധിച്ച തൊഴിലാളികളെ പൊലീസ് ലാത്തി വീശി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുപി,ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും മുംബൈയില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇവിടെ തടിച്ചുകൂടിയത്.

ലോക് ഡൌണ്‍ തീരുന്ന മേയ് 3 വരെ ട്രയിന്‍ സര്‍വീസുണ്ടാകില്ലെന്ന് റയില്‍വെ മന്ത്രാലയം അറിയിച്ചു. ചാനലുകളുടെ റിപ്പോർട്ട് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ വൻ ജനാവലിയെ പ്രേരിപ്പിച്ചിരിക്കാമെന്നത് തള്ളിക്കളയാനാവില്ലെന്നും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്ക് പറഞ്ഞു. ട്വിറ്ററിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചില പാര്‍ട്ടികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനമുണ്ടാക്കിയതിന് വിനയ് ദുബെ എന്നയാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ എൻസിപി അനുഭാവിയാണ്.

മഹാരാഷ്ട്രയിൽ കൊറോണ രോഗികളുടെ എണ്ണം 2690 ആയി. 178 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. പൂനെയിൽ ഒരു മലയാളി നഴ്സിന് കൂടി കൊറോണ സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ധാരാവിയിൽ ഇന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.