LiveTV

Live

National

മഹാരാഷ്ട്രയിലെ തൊഴിലാളികളുടെ പ്രതിഷേധം; കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആദിത്യ താക്കറെ

കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ബാന്ദ്രയിലെ പ്രതിഷേധത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയുടെ പ്രതികരണം.

മഹാരാഷ്ട്രയിലെ തൊഴിലാളികളുടെ പ്രതിഷേധം; കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ ലോക്ഡൌണിനെതിരെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തടിച്ചു കൂടിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിളിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രതിഷേധങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്നോട്ടടിക്കുമെന്നും, ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഉദ്ധവ് താക്കറെയോട് അമിത് ഷാ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അമിത്ഷാ അറിയിച്ചു.

എന്നാല്‍ കേന്ദ്രത്തിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച് ആദിത്യ താക്കറെ രംഗത്തെത്തിയതോടെ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള വാക്പോരിനാണ് വഴിയൊരുങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ബാന്ദ്രയിലെ പ്രതിഷേധത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയുടെ പ്രതികരണം.

'ബാന്ദ്രയിലെ നിലവിലെ പ്രശ്നത്തിന് കാരണം കേന്ദ്ര സര്‍ക്കരിന്‍റെ കെടുകാര്യസ്ഥതയാണ്. അതിഥി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഭക്ഷണമോ താമസസ്ഥലമോ അല്ല ആവശ്യം, അവര്‍ക്ക് എത്രയും വേഗം നാടുകളിലേക്ക് മടങ്ങണം. ലോക്ഡൌണ്‍ നീട്ടുന്നതിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഒരു സൌകര്യവുമൊരുക്കാത്ത കേന്ദ്രത്തിന്‍റെ പിടിപ്പുകേടിന്‍റെ ഫലമാണ് ഈ പ്രതിഷേധം. അവർ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത് ' ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. ആറ് ലക്ഷത്തിലധികം ആളുകൾ മഹാരാഷ്ട്രയിലുടനീളം അഭയകേന്ദ്രങ്ങളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ശരിയായ ഭക്ഷണവും താമസ സൗകര്യങ്ങളും ഏര്‍പ്പെടുത്താതിനെ തുടര്‍ന്നാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയതെന്ന് പറഞ്ഞ ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാന നേതൃത്വത്തിനാണ് ഉത്തരവാദിത്തം എന്ന് ആരോപിക്കുകയായിരുന്നു. ‘അതിഥി തൊഴിലാളികള്‍ക്ക് മതിയായ നിലയില്‍ സൌകര്യങ്ങളൊരുക്കാതിരുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പരാജയമാണ് ഇതിലൂടെ മനസിലാകുന്നത്. പ്രതിഷേധങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

രാജ്യത്തെ ലോക്ഡൌണ്‍ മേയ് 3 വരെ നീട്ടുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ പ്രതിഷേധമുയര്‍ന്നത്. മഹാരാഷ്ട്രയിലെ ബാന്ദ്രയിലാണ് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായ് തടിച്ചു കൂടിയത്. സ്വന്തം നാടുകളിലേക്ക് പോകണമെന്നാവശ്യപ്പെട്ട ഇവരെ പിന്തിരിപ്പിക്കാന്‍ പ്രാദേശിക നേതാക്കളും എത്തിയിരുന്നു. താമസിക്കുന്ന മുറികളില്‍ നിന്നടക്കം ഉടമകൾ ഇറക്കിവിടുന്ന സാഹചര്യമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ലോക്ഡൌണ്‍ ലംഘിച്ച് പ്രതിഷേധിച്ച ഇവരെ പൊലീസ് ലാത്തി വീശി തിരിച്ചയക്കുകയായിരുന്നു.