LiveTV

Live

National

ലോക്ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് ബി.ജെ.പി നേതാവിന്‍റെ പിറന്നാള്‍ ആഘോഷം; 11 പേര്‍ അറസ്റ്റില്‍

പൻ‌വേൽ മുനിസിപ്പൽ കോർപ്പറേഷനിലെ ബി.ജെ.പി കോർപ്പറേറ്റർ ആയ അജയ് ബഹിറയുടെ ബംഗ്ലാവിൽ എല്ലാവരും പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയതായിരുന്നു

ലോക്ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് ബി.ജെ.പി നേതാവിന്‍റെ പിറന്നാള്‍ ആഘോഷം; 11 പേര്‍ അറസ്റ്റില്‍

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രതിരോധം തീര്‍ക്കുമ്പോള്‍ നിയമം ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ചതിന് ബി.ജെ.പി നേതാവ് അടക്കം 11 പേര്‍ അറസ്റ്റില്‍. രാജ്യത്ത് ഏറ്റവും അധികം കോവിഡ് റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനായി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മഹാരാഷ്ട്രയിലെ പന്‍വേലിൽ നിന്നുള്ള ബി.ജെ.പി നേതാവ് അജയ് ബഹിറയെയാണ് അറസ്റ്റ് ചെയ്തത്.

പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കോര്‍പറേറ്റര്‍ കൂടിയാണ് അജയ് ബഹിറ. അറസ്റ്റിലായ ബഹിറയുടെ ബംഗ്ലാവില്‍ വെച്ചാണ് ആഘോഷം നടന്നത്. അജയ് ബഹിറയ്‌ക്കൊപ്പം 11 പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി വാർത്താ ഏജൻസി എ.എന്‍.ഐ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൻ‌വേൽ മുനിസിപ്പൽ കോർപ്പറേഷനിലെ ബി.ജെ.പി കോർപ്പറേറ്റർ ആയ അജയ് ബഹിറയുടെ ബംഗ്ലാവിൽ എല്ലാവരും പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയതായിരുന്നു.

"ലോക്ഡൌണ്‍ നിര്‍ദേശം ലംഘിച്ച് ജന്മദിനം ആഘോഷിക്കുന്നതിനായി ചിലർ കോർപ്പറേറ്ററുടെ ബംഗ്ലാവിന്റെ ടെറസിൽ ഒത്തുകൂടിയതായി പോലീസിന് സൂചന ലഭിച്ചു. ലഭിച്ച വിവരത്തെതുടര്‍ന്ന് ഒരു സംഘം പൊലീസ് സ്ഥലത്തെത്തി. ആഘോഷത്തില്‍ പങ്കെടുത്ത കോര്‍പറേറ്റര്‍ ഉള്‍പ്പടെ 11 പേരെ കസ്റ്റഡിയിലെടുത്തു," പന്‍വേല്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍ ലാന്‍ഗെ പറഞ്ഞു. പ്രതികള്‍ക്കെതിരേ ഐ.പി.സി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.