LiveTV

Live

National

മാസ്ക്, ഗ്ലൗസ്, വെന്റിലേറ്റ൪, പിപിഇ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കരുത്: സംസ്ഥാനങ്ങൾക്ക് നിയന്ത്രണവുമായി കേന്ദ്രം

പലയിടത്തും ആവശ്യത്തിന് ഉപകരണങ്ങളില്ലെന്നുള്ള പരാതികൾ വ്യാപകം. കേന്ദ്രത്തിന്റെ തീരുമാനം കോവിഡ് പ്രതിരോധ പ്രവ൪ത്തനങ്ങളെ സാരമായി ബാധിച്ചേക്കും

മാസ്ക്, ഗ്ലൗസ്, വെന്റിലേറ്റ൪, പിപിഇ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കരുത്:  സംസ്ഥാനങ്ങൾക്ക് നിയന്ത്രണവുമായി കേന്ദ്രം

കോവിഡ് 19 തടയാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാനങ്ങൾക്ക് പുതിയ തിട്ടൂരവുമായി കേന്ദ്ര സര്‍ക്കാര്‍. മാസ്ക്, ഗ്ലൗസ്, വെന്റിലേറ്റര്‍, പിപിഇ കിറ്റുകളുമടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കരുതെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവിശ്യപ്പെട്ടിരിക്കുന്നത്. പലയിടത്തും ആവശ്യത്തിന് ഉപകരണങ്ങളില്ലെന്നുള്ള പരാതികൾ വ്യാപകമായിരിക്കെയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാസം രണ്ടാം തീയതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച സര്‍ക്കുലറിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. കോവിഡ് 19 നെ നേരിടാൻ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനിവാര്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിൽ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.

പിപിഇ, എൻ 95 മാസ്കുകൾ, വെന്റിലേറ്ററുകൾ എന്നിവ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാങ്ങിക്കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പകരം ആവശ്യമുള്ളവയുടെ കണക്കെടുത്ത് അടിയന്തിരമായി കേന്ദ്രത്തെ അറിയിക്കണം. ഉപകരണങ്ങൾ കേന്ദ്രം വാങ്ങിച്ച് ആവശ്യാനുസരണം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. മെഡിക്കൽ ഉപകരണങ്ങൾ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കെ കേന്ദ്രത്തിന്റെ തീരുമാനം കോവിഡ് പ്രതിരോധ പ്രവ൪ത്തനങ്ങളെ സാരമായി ബാധിച്ചേക്കും. ദൗര്‍ലഭ്യം നേരിടുന്നതിനിടെ വിതരണത്തിലെടുക്കുന്ന കാലതാമസവും തിരിച്ചടിയാകും. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ഈ തീരുമാനം എടുത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.