LiveTV

Live

National

ലോക് ഡൌണ്‍ ലംഘനം; യു.പിയില്‍ ഇതുവരെ 40,000 പേര്‍ക്കെതിരെ കേസെടുത്തു

39,857 പേര്‍ക്കെതിരെ 12,236 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി അറിയിച്ചു

ലോക് ഡൌണ്‍ ലംഘനം; യു.പിയില്‍ ഇതുവരെ 40,000 പേര്‍ക്കെതിരെ കേസെടുത്തു

കോവിഡ് 19 ലോക് ഡൌണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ഇതുവരെ 40,000 പേര്‍ക്കെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.39,857 പേര്‍ക്കെതിരെ 12,236 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരങ്ങളിലാണ് ലോക് ഡൌണ്‍ ലംഘനങ്ങള്‍ കൂടുതല്‍ നടന്നിട്ടുള്ളതെന്ന് ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹിതേഷ് സി. അവാസ്തി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. വന്‍നഗരങ്ങളായ ലക്നൌ, കാണ്‍പൂര്‍, നോയിഡ,മീററ്റ്, ആഗ്ര എന്നിവിടങ്ങളിലാണ് നിയമലംഘകര്‍ കൂടുതലുള്ളത്. ഇവരെ ആദ്യം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് എന്തുകൊണ്ടാണ് സാമൂഹിക അകലം പാലിക്കാത്തതെന്താണെന്ന് ചോദിച്ചു. അവര്‍ കുറ്റവാളികളല്ല. ഇവരെ ജയിലിലേക്ക് അയക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും ഡി.ജി.പി പറഞ്ഞു.

നിരവധിയാളുകള്‍ കൊറോണയുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതലാണ് ആരംഭിച്ചത്. 14നാണ് ലോക് ഡൌണ്‍ അവസാനിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 5,865 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 169 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 477 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.