LiveTV

Live

National

‘രോഗികളെന്ന് ആരോപിച്ച് അക്രമണം’ നാടുകടത്തപ്പെട്ട പഞ്ചാബിലെ മുസ്‍ലിം കുടുംബങ്ങള്‍ സ്വാന്‍ നദീതീരത്ത് കുടുങ്ങികിടക്കുന്നു

എട്ടോളം മുസ്‍ലിം കുടുംബങ്ങള്‍ക്കാണ് അക്രമികളുടെ ഭീഷണിയെത്തുടര്‍ന്ന് നാട് വിടേണ്ടി വന്നത്

‘രോഗികളെന്ന് ആരോപിച്ച് അക്രമണം’ നാടുകടത്തപ്പെട്ട പഞ്ചാബിലെ മുസ്‍ലിം കുടുംബങ്ങള്‍ സ്വാന്‍ നദീതീരത്ത് കുടുങ്ങികിടക്കുന്നു

അക്രമത്തിനിരയായി നാടുവിടേണ്ടി വന്ന പഞ്ചാബിലെ മുസ്‍ലിം കുടുംബങ്ങള്‍ ഭക്ഷണം പോലും ലഭിക്കാതെ മൂന്ന് ദിവസമായി സ്വാന്‍ നദീതീരത്ത് കുടുങ്ങികിടക്കുന്നു. എട്ടോളം മുസ്‍ലിം കുടുംബങ്ങള്‍ക്കാണ് അക്രമികളുടെ ഭീഷണിയെത്തുടര്‍ന്ന് നാട് വിടേണ്ടി വന്നത്. ഷിയാർപൂർ ജില്ലയിലെ തൽവാര ഗ്രാമത്തില്‍ താമസിച്ചിരുന്ന കുടുംബത്തെ അക്രമി സംഘങ്ങള്‍ വീടുകള്‍ കയറി ഉപദ്രവിക്കുകയായിരുന്നു. കോവിഡ് രോഗികളെന്ന് ആരോപിച്ചായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ക്ക് നേരെയുള്ള മര്‍ദ്ധനം.

അക്രമത്തിനിരയായി നാടുവിട്ട കുടുംബത്തിലെ അംഗമായ സരജ് ദീൻ പറയുന്നു. ‘എന്തിനാണ് ഞങ്ങളെ അടിക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു, അവർ അപ്പോള്‍ ഞങ്ങളെ രോഗികളെന്ന് വിളിക്കാനും അധിക്ഷേപം ചൊരിയാനും തുടങ്ങി. അക്രമത്തിനിരയായ ഞങ്ങൾക്ക് വേനൽക്കാലത്ത് താമസിക്കുന്ന തൊട്ടടുത്തുള്ള ഹിമാചലിലേക്ക് പോകാൻ പോലും പൊലീസ് ഞങ്ങളെ അനുവദിച്ചില്ല,’ അദ്ദേഹം പറഞ്ഞു. 80 വയസുള്ള സരജ് ദീനി‍ന്‍റെ മാതാവിന് മെഡിക്കല്‍ ഷോപ്പിൽ നിന്ന് മരുന്ന് നിഷേധിച്ചതായി അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു. രോഗികളായ മുസ്ലീങ്ങളാണ് വൈറസ് പടര്‍ത്തുന്നതെന്നാരോപിച്ചാണ് ഷോപ്പുടമ മരുന്ന് നിഷേധിച്ചത്. സരജിന്‍റെ ഭാര്യ പറഞ്ഞു. ക്ഷീര കര്‍ഷകരായ സരജ്ദീനിന്‍റെ ആറ് പശുക്കള്‍ കാലിത്തീറ്റ ലഭിക്കാത്തതിനാൽ പട്ടിണി മൂലം മരിച്ചിരുന്നു.

കുട്ടികളടക്കം 80 ഓളം പേരടങ്ങുന്ന എട്ട് കുടുംബങ്ങള്‍ക്കാണ് പഞ്ചാബില്‍ നിന്ന് അക്രമത്തിനിരയായി പലായനം ചെയ്യേണ്ടി വന്നത്. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ഖസില്‍ സമ്മേളനത്തിന് പോയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിന്‍റെ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആള്‍ക്കാര്‍ ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. . 'ഞങ്ങളാരും ഇതുവരെ ഡല്‍ഹി കണ്ടിട്ടില്ല, എന്നിട്ടും ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്നു. ഭരണകൂടം ഞങ്ങളെ സഹായിക്കുന്നില്ല,’ മറ്റൊരു കുടുംബാംഗമായ ഷാഫി മുഹമ്മദ് പറഞ്ഞു. ഈ പ്രതിസന്ധിയില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല. ആധാര്‍ കാര്‍ഡ് ഉയർത്തിപ്പിടിച്ചു കൊണ്ട് അവര്‍ പറഞ്ഞു

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് സൂപ്രണ്ട് അറിയിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അപ്നീത് റാവത്ത് പറഞ്ഞു. കുടുങ്ങികിടക്കുന്ന കുടുബങ്ങള്‍ക്കാവശ്യങ്ങള്‍ക്കായ ഭക്ഷ്യ സാമഗ്രികള്‍ ഇന്നലെ എത്തിച്ചു കൊടുത്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ പാല്‍ വിറ്റ് ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് അത് സാധിക്കുന്നില്ല എന്നത് പ്രതിസന്ധിയായി തന്നെ നില നില്‍ക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

“ഞങ്ങളുടെ ജീവിതോപാധിയായ പാൽ വിൽക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല, ഇത് ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു,” സരജ് ദീന്‍ പറഞ്ഞു,