LiveTV

Live

National

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ 15 ദിവസത്തേക്ക് നല്‍കിയത് ഒരു മാസ്ക് മാത്രം,ഞങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളത്? രോഷത്തോടെ ആന്ധ്രാ ഡോക്ടര്‍

ആന്ധ്രാപ്രദേശ്, വിശാഖപട്ടണം, നര്‍സിപട്ടണം പ്രദേശത്തുള്ള ആശുപത്രിയിലെ അനസ്തേഷ്യസ്റ്റായി ജോലി ചെയ്യുന്ന ഡോക്ടര്‍ സുധാകര്‍ റാവു അധികാരികളുടെ അവഗണനക്കെതിരെ രോഷാകുലനാവുകയാണ്

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ 15 ദിവസത്തേക്ക് നല്‍കിയത് ഒരു മാസ്ക് മാത്രം,ഞങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളത്? രോഷത്തോടെ ആന്ധ്രാ ഡോക്ടര്‍

കൊറോണ ഒരു പിടിയും തരാതെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൌണിലാണ് രാജ്യം. പൊതുജനങ്ങള്‍ വീട്ടില്‍ കഴിയുമ്പോഴും കോവിഡ് രോഗികള്‍ക്ക് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മിക്ക സംസ്ഥാനങ്ങളിലും വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് ഡോക്ടര്‍മാരടക്കമുള്ളവര്‍ ജോലി ചെയ്യുന്നത്. തങ്ങളുടെ ജീവന് ഒരു വിലയുമില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

ആന്ധ്രാപ്രദേശ്, വിശാഖപട്ടണം, നര്‍സിപട്ടണം പ്രദേശത്തുള്ള ആശുപത്രിയിലെ അനസ്തേഷ്യസ്റ്റായി ജോലി ചെയ്യുന്ന ഡോക്ടര്‍ സുധാകര്‍ റാവു അധികാരികളുടെ അവഗണനക്കെതിരെ രോഷാകുലനാവുകയാണ്. ചൊവ്വാഴ്ച ഒരു മാസ്ക് തന്നിട്ട് അത്, 15 ദിവസം ഉപയോഗിക്കാനാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത് ..ഡോക്ടര്‍ പറയുന്നു. കോവിഡ് പോസിറ്റീവായിട്ടുള്ള ആരെയെങ്കിലും പരിശോധിച്ചാല്‍ മറ്റ് ആശുപത്രി ജീവനക്കാര്‍ക്ക് കൂടി വൈറസ് ബാധിക്കുന്ന സാഹചര്യമാണ്.

മാസ്കുകള്‍ക്ക് വേണ്ടി ഹോസ്പിറ്റല്‍ സര്‍വീസുകളുടെ ജില്ലാ കോര്‍ഡിനേറ്ററുമായി പല തവണ ബന്ധപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.ഇന്ന് എന്‍95 മാസ്ക് നല്‍കിയിട്ട് അത് 15 ദിവസം ഉപയോഗിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്...റാവു വ്യക്തമാക്കി.ഞാൻ എന്ത് ചെയ്യണം? പോസിറ്റീവ് കേസുകൾ ഇവിടെ വരില്ലെന്നാണോ അവർ ചിന്തിക്കുന്നത്?മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഭരണകൂടം ചെറിയ പ്രാധാന്യം പോലും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഡോക്ടര്‍മാര്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. അതൊന്നും ഇവിടെയില്ല. പൊലീസുകാര്‍ പോലും ഡോക്ടര്‍മാരെ അപമാനിക്കുകയാണ്. ഞങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നില്ലേ. മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.

മാസ്കുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.150 ബെഡുകളുള്ള വലിയൊരു ആശുപത്രിയാണിത്. ആദിവാസികളടക്കമുള്ളവര്‍ ഇവിടെയാണ് ചികിത്സക്കെത്തുന്നത്. എം.എല്‍.എയോ,എം,പിയോ ഇതുവരെ ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും റാവു ആരോപിക്കുന്നു.കൊറോണ വൈറസ് പടരുന്നതിനിടയിൽ ഡോക്ടർമാർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്തത് മൂലം ജോലിയിൽ നിന്ന് പിന്മാറാൻ പോലും ഡി.സി.എച്ച്.എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോ.സുധാകര്‍ പറഞ്ഞു.