LiveTV

Live

National

‘മോടി പിടിപ്പിക്കലും വിദേശ യാത്രകളും ഒഴിവാക്കണം’; പ്രധാനമന്ത്രിക്ക് അഞ്ചിനം നിര്‍ദേശങ്ങളുമായി സോണിയ

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ പ്രധാനമന്ത്രിയുടെയും ക്യാബിനറ്റിന്റെയും വിദേശ യാത്ര ചെലവ് ചൂണ്ടിക്കാട്ടിയ സോണിയ ഗാന്ധി വിദേശ യാത്രകള്‍ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടു.

‘മോടി പിടിപ്പിക്കലും വിദേശ യാത്രകളും ഒഴിവാക്കണം’; പ്രധാനമന്ത്രിക്ക് അഞ്ചിനം നിര്‍ദേശങ്ങളുമായി സോണിയ

കോവിഡ് വൈറസ് പകർച്ചവ്യാധിക്കെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി സർക്കാരിന്‍റെ ചെലവ് ചുരുക്കാനും കൂടുതൽ പണം കണ്ടെത്താനും കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളത്തില്‍ നിന്ന് 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഇതോടൊപ്പം എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സന്ദര്‍ഭത്തിലാണ് അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിരവധി പരസ്യങ്ങളാണ് രാജ്യത്തെ ടിവി-പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത്. 1250 കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി ഒരു വര്‍ഷം ചെലവഴിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകളും നിര്‍ദേശങ്ങളും ഒഴികെയുള്ളവ രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവച്ച് ഈ പണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കണം. സോണിയ നിര്‍ദേശിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ പ്രധാനമന്ത്രിയുടെയും ക്യാബിനറ്റിന്റെയും വിദേശ യാത്ര ചെലവ് ചൂണ്ടിക്കാട്ടിയ സോണിയ ഗാന്ധി വിദേശ യാത്രകള്‍ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടേയും ക്യാബിനറ്റിന്റെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രാ ചിലവ് 393 കോടിയോളം രൂപയാണ്. പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരുടെ എല്ലാ വിദേശയാത്രകളും വെട്ടിച്ചുരുക്കണം. വിദേശ യാത്രകള്‍ ഒഴിവാക്കിയാല്‍ ഈ തുകകള്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാമെന്ന് സോണിയ ചൂണ്ടിക്കാട്ടി

രാജ്യ തലതലസ്ഥാനമായ ദില്ലിയെ മോടിപിടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 20000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി സൗന്ദര്യവത്കരണ, നിർമാണ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കണം. പാർലമെന്റിന്‍റെ സുഗമമായ നടത്തിപ്പിന് ഇപ്പോഴുള്ള കെട്ടിടങ്ങള്‍ തന്നെ ധാരാളമാണ്, പദ്ധതിക്കായി നീക്കിവെക്കാന്‍ ഉദ്ധേശിക്കുന്നപണം ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ പണിയുക, കൊറോണയെ പ്രതിരോധിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ ഒരുക്കുക. ഇതാണ് നാടിന് ആവശ്യം. സോണിയ പറയുന്നു.

ചെലവ് കുറക്കലിനെ ഗൌരവമായി കാണണമെന്ന് പറഞ്ഞ സോണിയ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ചെലവില്‍ നിന്ന് 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. 2.5 ലക്ഷം കോടിയോളം രൂപയാണ് ഒരു വര്‍ഷം രാജ്യം ചെലവഴിക്കുന്നത്. ഇതില്‍ നിന്നും മാറ്റിവയ്ക്കുന്ന 30 ശതമാനം തുക തൊഴിലാളികള്‍, കൃഷിക്കാര്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തക്കുന്നവര്‍ എന്നിവര്‍ക്ക് സാമ്പത്തിക സുരക്ഷാ വലയം സ്ഥാപിക്കുന്നതിന് നീക്കിവയ്ക്കാം സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.

പി.എം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ വരുന്ന എല്ലാ പണവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കാര്യക്ഷമത, സുതാര്യതയും ഉറപ്പുവരുത്തുന്നതിന് ഇത് ആവശ്യമാണ് സോണിയ പറഞ്ഞു.