LiveTV

Live

National

‘തബ്‍ലീഗി ജമാഅത്തിനെതിരെ തീവ്രവാദ ബന്ധ ആരോപണം’; ടൈംസ് നൗ വെബ്സൈറ്റിനെതിരെ മാനനഷ്ടത്തിന് നോട്ടീസ്

2020 ഏപ്രിൽ 1നാണ് “തബ്‍ലീഗി ജമാഅത്ത് തീവ്രവാദ സംഘടനകളുമായി ബന്ധം പങ്കിടുന്നു” എന്ന തലക്കെട്ടിൽ ടൈംസ് നൌ ലേഖനം പ്രസിദ്ധീകരിക്കുന്നത്.

‘തബ്‍ലീഗി ജമാഅത്തിനെതിരെ തീവ്രവാദ ബന്ധ ആരോപണം’; ടൈംസ് നൗ വെബ്സൈറ്റിനെതിരെ മാനനഷ്ടത്തിന് നോട്ടീസ്

കോവിഡ്19 പശ്ചാത്തലത്തില്‍ തബ്‍ലീഗി ജമാഅത്തിനെതിരെ പ്രകോപനപരവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ടൈംസ് നൌവിനെതിരെ നിയമനടപടിക്കൊരുങ്ങി തബ്‍ലീഗി ജമാഅത്ത്. തബ്‍ലീഗി ജമാഅത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തബ് ലീഗ് ജമാഅത്ത് മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. തബ് ലീഗ് ജമാഅത്ത് അംഗം ഹഫീസുല്ല ഖാന്‍ അയച്ച നോട്ടീസില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടൈംസ് ഗ്രൂപ്പ് സ്ഥാപകരായ ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡ്, മാനേജിങ് ഡയറക്ടര്‍ വിനീത് ജെയിന്‍, എഡിറ്റര്‍ ഇന്‍ ചീഫ് ജയ്ദീപ് ബോസ്, തുടങ്ങിയവര്‍ക്കെതിരേയാണ് നോട്ടീസ് അയച്ചത്.

‘തബ്‍ലീഗി ജമാഅത്തിനെതിരെ തീവ്രവാദ ബന്ധ ആരോപണം’; ടൈംസ് നൗ വെബ്സൈറ്റിനെതിരെ മാനനഷ്ടത്തിന് നോട്ടീസ്

ബാംഗ്ലൂള്‍ ആസ്ഥാനമായ പ്രൈം ലോ അസോസിയേറ്റ്സ് മുഖേന അയച്ച നോട്ടീസില്‍ ടൈംസ് നൗ ന്യൂസ്.കോമിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് വിവാദ ലേഖനം പ്രസിദ്ധീകരിച്ചതെന്ന് ആരോപിക്കുന്നു. 2020 ഏപ്രിൽ 1നാണ് "തബ്‍ലീഗി ജമാഅത്ത് തീവ്രവാദ സംഘടനകളുമായി ബന്ധം പങ്കിടുന്നു" എന്ന തലക്കെട്ടിൽ ടൈംസ് നൌ ലേഖനം പ്രസിദ്ധീകരിക്കുന്നത്. അതിൽ "തബ്‍ലീഗി ജമാഅത്തിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ഹർക്കത്ത്-ഉൽ-മുജാഹിദ്ദീൻ പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ടൈംസ് നൌ പങ്ക് വെക്കുന്നു. 1999 ൽ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 ഹൈജാക്ക് ചെയ്ത ഹർക്കത്ത്-ഉൽ-മുജാഹിദ്ദീന്‍റെ യഥാർത്ഥ സ്ഥാപകർ തബ്ലീഗി ജമാഅത്തിലെ അംഗങ്ങളാണെന്നും ലേഖനത്തില്‍ ആരോപണമുണ്ട്.

എന്നാല്‍, ‘പാകിസ്താന്‍ ആസ്ഥാനമായുള്ള ഹര്‍കത്തുല്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകളുമായി ജമാഅത്തിന് ബന്ധമുണ്ടെന്ന് ടൈംസ് നൗ ആരോപിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്. തബ് ലീഗ് ജമാഅത്ത് ഒരിക്കലും ഭീകരപ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധത്തിനും അന്വേഷണത്തിന് വിധേയമായിട്ടില്ല. എന്നിട്ടും തബ് ലീഗ് ജമാഅത്തിനെ ഹര്‍ക്കത്തുല്‍ മുജാഹിദീനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്’ നോട്ടീസില്‍ തബ്‍ലീഗ് ജമാഅത്ത് വ്യക്തമാക്കി.

2002ഇല്‍ 59 കർസേവകരുടെ മരണത്തിനിടയാക്കിയ ഗോധ്ര ട്രെയിൻ തീവെപ്പില്‍ തബ്‍ലീഗി ജമാഅത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഗുജറാത്തില്‍ വർഗീയ കലാപത്തിന് ഇത് കാരണമായതായും ലേഖനത്തിൽ പറയുന്നു. എന്നാല്‍, ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട നാനാവതി കമ്മീഷന്റെ 176 പേജുള്ള റിപ്പോർട്ടിൽ തബ്‍ലീഗി ജമാഅത്തിനെക്കുറിച്ച് പരാമർശമില്ലെന്ന് ഹഫീസുല്ല ഖാന്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമിന്റെയും പ്രവാചക പാരമ്പര്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും മുസ്‌ലിംകളെ സത്യസന്ധരും ഉത്തരവാദിത്തമുള്ള പൗരന്മാരുമായി ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിനും മുസ്‌ലിം സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇസ് ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് തബ് ലീഗ് ജമാഅത്തെന്ന് നോട്ടീസില്‍ പറയുന്നു.

ടൈംസ് നൌവിലെ ലേഖനം തബ്‍ലീഗിനെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, തബ്‍ലീഗി ജമാഅത്തിന്‍റെ സൽപ്പേരിന് പരമാവധി കളങ്കമുണ്ടക്കാന്‍ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും നോട്ടീസില്‍ ആരോപണമുണ്ട്, അതിനാൽ, മതസംഘടനയ്ക്ക് ഭീകര സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് നിരുപാധികമായ ക്ഷമാപണം പ്രസിദ്ധീകരിക്കാനും, ലേഖനം പ്രസിദ്ധീകരിച്ചതുമൂലം ഉണ്ടായ ഭീകരമായ മാനസിക വേദനയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതായും നോട്ടീസില്‍ വ്യക്തമാക്കി