LiveTV

Live

National

“ഒരുമിച്ച് ലൈറ്റുകള്‍ അണക്കേണ്ട”; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ഗൃഹോപകരണങ്ങൾ നിർത്താൻ ആഹ്വാനമില്ലെന്നും ലൈറ്റുകൾ മാത്രം ഓഫ് ചെയ്താൽ മതിയെന്നുമാണ് നിർദ്ദേശം

“ഒരുമിച്ച് ലൈറ്റുകള്‍ അണക്കേണ്ട”; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ വിശദീകരണവുമായി കേന്ദ്ര ഊര്‍ജമന്ത്രാലയം. ഒരുമിച്ച് വൈദ്യുതി വിളക്കുകൾ അണയ്ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കകൾ ഉയർന്നതോടെയാണഅ ഇക്കാര്യത്തിൽ വിദശീകരണവുമായി കേന്ദ്ര സർക്കാർ രം​ഗത്തെത്തിയത്. വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതിയെന്നു കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ സമയത്ത് തെരുവു വിളക്കുകൾ, കംപ്യൂട്ടറുകൾ, ടിവി, ഫാൻ, എസി, ഫ്രിജ് തുടങ്ങിയവ നിർത്തേണ്ടതില്ലെന്നു മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

വഴിവിളക്കുകൾ അണയ്ക്കേണ്ടതില്ലെന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഗൃഹോപകരണങ്ങൾ നിർത്താൻ ആഹ്വാനമില്ലെന്നും ലൈറ്റുകൾ മാത്രം ഓഫ് ചെയ്താൽ മതിയെന്നുമാണ് നിർദ്ദേശം. ആശുപത്രികളിലെയും മറ്റ്‌ അവശ്യ സേവനങ്ങളിലെയും ലൈറ്റുകൾ അണയ്ക്കില്ല. പൊതു സുരക്ഷയ്ക്കായി തെരുവ് വിളക്കുകൾ കത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഊർജ്ജ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരുമിച്ചു ലൈറ്റ് ഓഫ്‌ ചെയ്യുന്നത് ഗ്രിഡിൽ പ്രതിസന്ധി ഉണ്ടാക്കും എന്ന വാദം മന്ത്രാലയം തള്ളി. ഇന്ത്യൻ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമാണ്. വൈദ്യുതി ഉപയോഗത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഊർജ മന്ത്രാലയം അറിയിച്ചു.

വിഡിയോ സന്ദേശത്തിലാണ് കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.