LiveTV

Live

National

പിപിഇ കിറ്റുകളുടെ അഭാവം: നഴ്‌സുമാര്‍ ജോലി ചെയ്യുന്നത് ജീവന്‍ പണയംവെച്ച്

ഡല്‍ഹിയില്‍ അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്കുള്ള കിറ്റുകള്‍ മാത്രം; അടിയന്തരമായി അന്‍പതിനായിരം കിറ്റുകള്‍ വേണമെന്ന് ഡല്‍ഹി സര്‍ക്കാര്‍; ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ പ്രതിസന്ധിയില്‍

പിപിഇ  കിറ്റുകളുടെ അഭാവം: നഴ്‌സുമാര്‍ ജോലി ചെയ്യുന്നത് ജീവന്‍ പണയംവെച്ച്

രാജ്യത്ത് കോവിഡ് 19 രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ ലഭ്യമല്ല. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കായി ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍ ഇല്ലാതെയാണ് രോഗികളെ പരിചരിക്കേണ്ടി വരുന്നതെന്ന് നഴ്സുമാര്‍ പറയുന്നു. രാജ്യത്ത് ഇതുവരെ 50ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ അവശേഷിക്കുന്നത് 2 ദിവസത്തേക്കുള്ള കിറ്റുകള്‍ മാത്രമാണ് .

മുംബൈ വോക്ക് ഹാർട്ട് ആശുപത്രിയിൽ 10 നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 265 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപതിയിൽ ഒരു ഡോക്ടരുടെ പരിശോധന ഫലം പോസിറ്റീവാണ്. 12 നഴ്സുമാരുടെ ഫലം നാളെ വരും.

ഡൽഹി ഗംഗറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം 108 പേർ നിരീക്ഷണത്തിലാണ്. ഇങ്ങനെ രാജ്യത്ത് 50 ൽ അധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലും എല്ലാ ആശുപത്രികളിലും പിപിഇ കിറ്റുകൾ ലഭ്യമായിട്ടില്ല.

നഴ്സുമാരിൽ ഏറെ പേർക്കും ഒന്നിച്ച് താമസിക്കുന്ന രീതിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഒന്നിച്ച് ഒരു ബസിലാണ് ആരോഗ്യ പ്രവർത്തകരെ താമസ്ഥലത്തുന്നിന്നും ആശുപത്രികളിൽ എത്തിക്കുന്നത്. രോഗികളെ ചികിത്സിച്ച ശേഷം കുടുംബത്തോടൊപ്പം കഴിയേണ്ടിവരുന്നു. വരും ദിവസങ്ങളിൽ ഇത് ആരോഗ്യ പ്രവർത്തകരുടെ ക്ഷാമത്തിലേക്ക് വഴിവക്കുമെന്ന് നഴ്സസ് അസോസിയേഷൻ പറയുന്നു.

ഡൽഹിയിൽ 2 ദിവസത്തേക്കുള്ള കിറ്റേ ഉള്ളൂ എന്നും 50,000 കിറ്റ് അടിയന്തരമായി ആവശ്യമാണെന്നും സർക്കാർ അറിയിച്ചു. അടച്ച് പൂട്ടൽ മൂലം നിർമ്മാണം മൂന്നാഴ്ച വൈകുമെന്നാണ് പിപിഇ വിതരണ ഏജൻസിയായ എച്ച്എല്‍എല്ലിന്റെ പ്രതികരണം.