LiveTV

Live

National

പ്രധാനമന്ത്രിയുടെ വിളക്കണക്കല്‍ ആഹ്വാനം; വൈദ്യുത ശൃംഖലയെ  ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്രം

‘മാസ് ലൈറ്റ് കട്ട്’ വൈദ്യുതി വിതരണത്തെയും വൈദ്യുത ഉപകരണങ്ങളെയും ദോഷകരമായി ബാധിക്കില്ല, ആശുപത്രികളിലെയും മറ്റ് അവശ്യ സേവനങ്ങളുടേയും ലൈറ്റുകൾ ഓഫാക്കേണ്ടതില്ലെന്നും കേന്ദ്ര വൈദ്യുതി മന്ത്രാലയം അറിയിച്ചു

പ്രധാനമന്ത്രിയുടെ വിളക്കണക്കല്‍ ആഹ്വാനം;  വൈദ്യുത ശൃംഖലയെ  ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്രം

പ്രധാനമന്ത്രിയുടെ വിളക്കണക്കല്‍ ആഹ്വാനത്തില്‍ ആശങ്കകള്‍ പ്രകടിപ്പിച്ച സംസ്ഥാനങ്ങള്‍ക്ക് വിശദീകരണവുമായി കേന്ദ്രം. ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും മെഴുകുതിരികൾ, ടോര്‍ച്ചുകള്‍, മൊവബൈല്‍ ഫ്ലാഷുകള്‍ തുടങ്ങിയവ തെളിയിക്കണമെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. എന്നാല്‍ രാജ്യവ്യാപകമായി ലൈറ്റുകള്‍ അണക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന വൈദ്യുതി ഉപയോഗത്തിലെ ഇടിവും പിന്നീട് വൈദ്യുതി വിതരണം പുനരാരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന കുതിച്ചുചാട്ടവും വൈദ്യുത ശൃംഖലയെത്തന്നെ ബാധിക്കുമെന്ന് സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ ഇട കൊടുക്കേണ്ടതില്ലെന്ന വിശദീകരണവുമായി കേന്ദ്ര വൈദ്യുത മന്ത്രാലയം.

‘മാസ് ലൈറ്റ് കട്ട്’ ഇലക്ട്രിക്കൽ ഗ്രിഡിന്‍റെ പ്രവര്‍ത്തനത്തെയും വോള്‍ട്ടേജിലെ ഏറ്റക്കുറച്ചിനും കാരണമാകുമെന്ന ആശങ്കകള്‍ പല കോണില്‍ നിന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആശങ്കകൾ തെറ്റാണെന്ന് വൈദ്യുതി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ് ലൈറ്റ് കട്ട് വൈദ്യുത ഉപകരണങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നും, ആശുപത്രികളിലെയും മറ്റ് അവശ്യ സേവനങ്ങളിലെയും ലൈറ്റുകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വൈദ്യുതി ഗ്രിഡ് കരുത്തുള്ളതും സുസ്ഥിരവുമാണ്. എന്തെങ്കിലും വ്യതിയാനങ്ങളുണ്ടാവുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നും വൈദ്യുത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വീടുകളിലെ തെരുവ് വിളക്കുകൾ, കമ്പ്യൂട്ടറുകൾ, ടിവി സെറ്റുകൾ, ഫാനുകൾ, റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ തുടങ്ങിയ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ പറഞ്ഞിട്ടില്ലെന്നും ഗവര്‍ണ്‍മെന്‍റ് അറിയിച്ചു. ‘പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത് വീടുകളിലെ വിളക്കുകള്‍ മാത്രം അണക്കാനാണ്. ആശുപത്രികളിലെ വൈദ്യുത വിളക്കുകള്‍, പൊതുഉപയോഗം, മുനിസിപ്പല്‍ സേവനങ്ങള്‍, ഓഫീസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങി അവശ്യ സേവനങ്ങളിലെ വൈദ്യുത വിളക്കുകള്‍ അണയ്ക്കേണ്ടതില്ല. വീടുകളിലെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് മാത്രമാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.


പൊതു സുരക്ഷയുടെ ഭാഗമായി തെരുവ് വിളക്കുകൾ(സ്ട്രീറ്റ് ലൈറ്റുകള്‍) അണക്കേണ്ടതില്ലെന്ന നിര്‍ദേശം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.’ വൈദ്യുതി മന്ത്രാലയം അറിയിച്ചു.