LiveTV

Live

National

കന്നുകാലികള്‍ക്ക് കൊടുക്കുന്നത് സ്ട്രോബറിയും ബ്രൊക്കോളിയും, മുന്തിരിയും പൂക്കളും വെറുതെ കളയുന്നു; ലോക് ഡൌണില്‍ കര്‍ഷകരുടെ അവസ്ഥ ഇങ്ങിനെ...

ബംഗളൂരു സ്വദേശിയായ മുനിഷമപ്പ എന്ന കര്‍ഷകന്‍ 15 ടണ്ണോളം വരുന്ന മുന്തിരി അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി കളയുകയാണ് ചെയ്തത്

കന്നുകാലികള്‍ക്ക് കൊടുക്കുന്നത് സ്ട്രോബറിയും ബ്രൊക്കോളിയും, മുന്തിരിയും പൂക്കളും വെറുതെ കളയുന്നു; ലോക് ഡൌണില്‍ കര്‍ഷകരുടെ അവസ്ഥ ഇങ്ങിനെ...

ലോക് ഡൌണ്‍ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ളവരെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിലെ കര്‍ഷകരെ. ദിവസങ്ങളുടെയും മാസങ്ങളുടെയും അധ്വാനം കൊണ്ട് അവര്‍ വിളയിച്ചെടുത്തതെല്ലാം വെറുതെ കളയാനാണ് പല കര്‍ഷകരുടെയും വിധി. ഗതാഗത സംവിധാനമില്ലാത്തതിനാല്‍ വിളകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ സാധിക്കുന്നില്ല, വാങ്ങാനും ആളുമില്ല. പലതും വെറുതെ നശിച്ചുപോവുകയാണ്. ചിലരാകട്ടെ അത് പശുക്കള്‍ക്ക് ഭക്ഷണമായും നല്‍കുന്നു.

തെക്ക്,കിഴക്കന്‍ മുംബൈയിലെ സത്താര ജില്ലയിലുള്ള കര്‍ഷകനായ അനില്‍ സാലുങ്കക്ക് തന്റെ രണ്ടേക്കര്‍ കൃഷിയിടത്തിലുണ്ടായ സ്ട്രോബറി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഒടുവില്‍ അത് തന്റെ കാലികള്‍ക്ക് തീറ്റയായി കൊടുത്തു. ''വിനോദസഞ്ചാരികളും ഐസ്ക്രീം കമ്പനികളുമായിരുന്നു സ്ട്രോബറി പ്രധാനമായും വാങ്ങിയിരുന്നത്. എന്നാല്‍ ലോക് ഡൌണായതോടെ അതും നിന്നു..'' അനില്‍ പറയുന്നു. എട്ട് ലക്ഷം രൂപ ലാഭം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അനില്‍ എന്നാല്‍ ഉത്പാദനച്ചെലവായ 2.5 ലക്ഷം പോലും കിട്ടിയില്ല. നഗരങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുക ബുദ്ധിമുട്ടാണെന്നും അനില്‍ പറയുന്നു.

ബംഗളൂരു സ്വദേശിയായ മുനിഷമപ്പ എന്ന കര്‍ഷകന്‍ 15 ടണ്ണോളം വരുന്ന മുന്തിരി അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി കളയുകയാണ് ചെയ്തത്. അടുത്ത ഗ്രാമത്തിലുള്ളവരോട് തന്റെ ഫാമിലെ മുന്തിരി സൌജന്യമായി വന്ന് കൊണ്ടുപോകാനും ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം രൂപയാണ് ഈ കര്‍ഷകന്‍ മുന്തിരി കൃഷിക്കായി ചെലവഴിച്ചത്.

ഇന്ത്യന്‍ മുന്തിരി വന്‍തോതില്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്തിരി വാങ്ങുന്നത് കുറച്ചിരിക്കുകയാണെന്ന് രാജ്യത്തെ തന്നെ വലിയ മുന്തിരി എക്സ്പോര്‍ട്ടറായ സഹ്യാദ്രി ഫാമിലെ ധ്യാനേഷ് ഉഗിള്‍ പറഞ്ഞു.

രാജ്യത്തെ പൂകര്‍ഷകരുടെയും സ്ഥിതി വ്യത്യസ്തമല്ല. വിവാഹം പോലുള്ള ചടങ്ങുകള്‍ കുറഞ്ഞത് മൂലം പൂക്കളും വെറുതെ ചീഞ്ഞുപോവുകയാണ്. വില കൂടിയ പൂക്കളായ ജെറബറ, ഗ്ലാഡിയോലി, ബേര്‍ഡ്സ് ഓഫ് പാരഡൈസ് എന്നിവക്കാണ് കൂടുതല്‍ ഡിമാന്‍ഡുണ്ടായിരുന്നത്.

മുന്‍പ് ഒരു പൂവിന് 15 മുതൽ 20 രൂപക്കാണ് വില്‍ക്കാറുള്ളത്. ഇന്ന് ഒരു രൂപക്ക് പോലും ആരും വാങ്ങുന്നില്ല. രണ്ടേക്കര്‍ വരുന്ന പൂന്തോട്ടത്തിന്റെ ഉടമയായ രാഹുല്‍ പവാര്‍ പറഞ്ഞു. വാങ്ങാനാളില്ലാത്തതിനാല്‍ പൂക്കള്‍ മുഴുവന്‍ കമ്പോസ്റ്റ് കുഴിയിലിടുകയാണ് രാഹുല്‍.