LiveTV

Live

National

ലോക് ഡൌണില്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി ദേശീയ വനിതാ കമ്മീഷന്‍

ചിലര്‍ പരാതിപ്പെടുന്നു, മറ്റ് ചിലരാകട്ടെ ഭയം മൂലം പരാതിപ്പെടാന്‍ മടിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മ പറഞ്ഞു

ലോക് ഡൌണില്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി ദേശീയ വനിതാ കമ്മീഷന്‍

ലോക് ഡൌണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി ദേശീയ വനിത കമ്മീഷന്‍.കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക് ഡൌണ്‍ ഏർപ്പെടുത്തിയതിന് ശേഷം വനിതാ കമ്മീഷന് 250ലധികം പരാതികളാണ് ലഭിച്ചത്. ഇതില്‍ 69 എണ്ണം ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ടതാണ്.

ലോക് ഡൌണ്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ചിലര്‍ പരാതിപ്പെടുന്നു, മറ്റ് ചിലരാകട്ടെ ഭയം മൂലം പരാതിപ്പെടാന്‍ മടിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മ പറഞ്ഞു.മാര്‍ച്ച് 24 തൊട്ട് ഏപ്രില്‍ 1 വരെ ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട 69 പരാതികളാണ് ലഭിച്ചത്. വരുംദിവസങ്ങളിലും ഇത് കൂടുമെന്ന് അവര്‍ വ്യക്തമാക്കി. ഗാര്‍ഹിക പീഡനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയാല്‍ അതിന്റെ പേരില്‍ വീണ്ടും പീഡിപ്പിച്ചാലോ എന്ന ഭയമാണ് സ്ത്രീകള്‍ക്ക്. ലോക് ഡൌണ്‍ മൂലം പൊലീസിനെ സമീപിക്കാനും സാധിക്കുന്നില്ല.ഇനി അഥവാ ഭര്‍ത്താവിനെതിരെ പരാതിപ്പെട്ടാല്‍ ഭര്‍തൃപീഡനം കൂടുമെന്നും സ്ത്രീകള്‍ പേടിക്കുന്നുണ്ടെന്നും രേഖ പറഞ്ഞു.മുന്‍പ് അതിക്രമം ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് സ്വന്തം വീടുകളിലേക്ക് പോകാന്‍ സാധിക്കുമായിരുന്നു. ലോക് ഡൌണ്‍ മൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

ലോക് ഡൌണ്‍ നടപ്പിലാക്കിയത് മുതല്‍ തങ്ങള്‍ക്ക് നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് ഒരു വനിതാ ആക്ടിവിസ്റ്റ് പറഞ്ഞു.ലോക്ക്ഡൌണിനെക്കുറിച്ച് സർക്കാർ ചില മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ സ്ത്രീകൾക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാമായിരുന്നുവെന്ന് അഖിലേന്ത്യാ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ സെക്രട്ടറി . കവിത കൃഷ്ണൻ പറഞ്ഞു. ഗാര്‍ഹിക പീഡനത്തിനിരയായവരെ രക്ഷപ്പെടുത്തുകയാണ് ഒരേയൊരു മാര്‍ഗമെന്നും ലോക് ഡൌണില്‍ അവരുടെ സ്ഥിതി മോശമാണെന്നും കവിത പറയുന്നു.

കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതലാണ് ലോക് ഡൌണ്‍ പ്രഖ്യാപിച്ചത്. 21 നാള്‍ നീണ്ടുനില്‍ക്കുന്ന ലോക് ഡൌണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ലോക് ഡൌണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.