LiveTV

Live

National

കോവിഡ് പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഓടിച്ചിട്ട് കല്ലെറിഞ്ഞ് പ്രദേശവാസികള്‍; വീഡിയോ

ഈ ഏരിയയില്‍ നിന്നും രണ്ട് പോസിറ്റീവ് കേസുകളെങ്കിലും ഇന്‍ഡോറിലെ ടാറ്റ് പാട്ടി ബക്കല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

കോവിഡ് പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഓടിച്ചിട്ട് കല്ലെറിഞ്ഞ് പ്രദേശവാസികള്‍; വീഡിയോ

കോവിഡ് പരിശോധനക്ക് വന്ന ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള പ്രദേശവാസികള്‍. പ്രകോപിതരായ ജനക്കൂട്ടത്തില്‍ നിന്നും പൊലീസ് വന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിച്ചത്. രണ്ട് വനിത ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. രണ്ട് ദിവസം മുമ്പും അടുത്തുള്ള രാണിപുരയിലെ ജനങ്ങളും ഇതുപോലെ ആരോഗ്യ പ്രവര്‍ത്തകരോട് പെരുമാറിയതിന് പിന്നാലെയാണ് സംഭവം.

പേഴ്സണല്‍ പ്രൊടക്റ്റീവ് എക്വിപ്മെന്‍റ് ധരിച്ച രണ്ടു പേര്‍ നൂറുകണക്കിന് വരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും കല്ലേറുകളും കൊണ്ട് ഓടുന്ന രംഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്ന വീഡിയോയില്‍ കാണുന്നത്. ഈ ഏരിയയില്‍ നിന്നും രണ്ട് പോസിറ്റീവ് കേസുകളെങ്കിലും ഇന്‍ഡോറിലെ ടാറ്റ് പാട്ടി ബക്കല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 54 കുടുംബങ്ങള്‍ പരിസരപ്രദേശത്ത് ഐസോലേഷനിലാണ്. മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ 76 ശതമാനവും ഇന്‍ഡോറില്‍ നിന്നുള്ളതാണ്.

കോവിഡ് 19 ബാധിതനായ ഒരാള്‍ ഹൈദരാബാദില്‍ മരിച്ചപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ ആള്‍ക്കൂട്ടം ആക്രമിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കയ്യേറ്റ ശ്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഗുജറാത്തിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.