LiveTV

Live

National

ലോക് ഡൌണൊന്നും പ്രശ്നമല്ല; മഹാരാഷ്ട്രയിലെ ദദാര്‍ ഗ്രാമച്ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ തിക്കിത്തിരക്ക്

പച്ചക്കറികളും പഴങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനാണ് ഗ്രാമത്തിലുള്ളവര്‍ ചന്തയില്‍ ഒത്തുകൂടിയത്

ലോക് ഡൌണൊന്നും പ്രശ്നമല്ല; മഹാരാഷ്ട്രയിലെ ദദാര്‍ ഗ്രാമച്ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ തിക്കിത്തിരക്ക്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക് ഡൌണിലൂടെ കടന്നുപോവുകയാണ്. എല്ലാ അത്യാവശ്യങ്ങളും മാറ്റിവച്ചുകൊണ്ട് ജനങ്ങള്‍ വീട്ടിലിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുക വഴി നമ്മള്‍ നമുക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി നന്‍മ ചെയ്യുകയാണ്. എന്നാല്‍ ഇതൊന്നും ബാധകമല്ലാത്ത ചിലരുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നവര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് ഈ സംഭവം നടന്നത്. ലോക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ദദാര്‍ ഗ്രാമവാസികള്‍ അവിടുത്ത ചന്തയില്‍ ഒത്തുകൂടിയത് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

പച്ചക്കറികളും പഴങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനാണ് ഗ്രാമത്തിലുള്ളവര്‍ ചൊവ്വാഴ്ച ചന്തയില്‍ ഒത്തുകൂടിയത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന വലിയൊരു കൂട്ടം തന്നെ മാര്‍ക്കറ്റിലുണ്ടായിരുന്നു. ഒരു നിശ്ചിത അകലം പാലിക്കുക എന്ന ലോക് ഡൌണ്‍ ചട്ടം പോലും ലംഘിച്ച് എന്നത്തേയും പോലെ കൂട്ടം കൂടി നിന്നാണ് ആളുകള്‍ വില പേശി സാധനങ്ങള്‍ വാങ്ങിയത്.

കോവിഡ് -19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം സാമൂഹിക അകലം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. വൈറസ് ആരോടും വിവേചനം കാണിക്കില്ലെന്നും എല്ലാവരെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ ഇതുവരെ 320 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 169 ആയി.'' കൊറോണക്കെതിരെയുള്ള പോരാട്ടം അതിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കൂടുതല്‍ പ്രതിരോധം വേണ്ട സാഹചര്യമാണിത്.നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായി ദയവായി നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുപോകരുത്, " മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്ത് 1500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ 49 ആയി. 123 പേര്‍ക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.