രാജ്യത്ത് കോവിഡ് ബാധിതര്‍ 2000 കടന്നു; 61 മരണം
മഹാരാഷ്ട്രയില്‍ ധാരാവി ചേരിയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 61 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, 151 പേർക്ക് രോഗം ഭേദമായി.
ഹരിയാനയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ആല്‍വാറില്‍ കോവിഡ് ബാധിച്ച് എന്‍പത്തിയഞ്ചുകാരന്‍ മരിച്ചു.
ഇന്നലെ രാത്രിയാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 വയസുകാരൻ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് പേർ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ഇന്ന് വരും. സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേരാണ് മരിച്ചത്.
മഹാരാഷ്ട്രയിൽ 16 ഉം ആന്ധ്രാ പ്രദേശിൽ 43 ഉം രാജസ്ഥാനിൽ 13 പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. അസമിൽ 5 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 335 കടന്നു.
ഡൽഹിയിൽ സഫ്ദർജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും സർക്കാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർക്കുമടക്കം 6 ഡോക്ടർമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 47,951 പേരുടെ സാമ്പിളുകൾ 126 ലാബുകളിലായി പരിശോധിച്ചു. 132 പേർ സുഖം ഭേതമായി വിവിധ ആശുപത്രികളിൽ നിന്ന് മടങ്ങി.
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോൺഫറൻസ് വഴി ഇന്ന് ചേരും. കോവിഡ് 19 യുമായി ബന്ധപ്പെട്ട് വിദേശ സംഭാവനകൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്പ്പെട്ടാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.