LiveTV

Live

National

ലോക്ക് ഡൗൺ മടങ്ങിപ്പോക്കിനെ ബാധിച്ചു; വിശദീകരണവുമായി നിസാമുദ്ദീൻ മർക്കസ്

ലോക്ക് ഡൗൺ മടങ്ങിപ്പോക്കിനെ ബാധിച്ചു; വിശദീകരണവുമായി നിസാമുദ്ദീൻ മർക്കസ്

ഡൽഹി നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനിടെ, സംഭവത്തിൽ വിശദീകരണവുമായി നിസാമുദ്ദീൻ മർകസ്. കോവിഡ് പടർന്നതിനെ തുടർന്ന് പ്രദേശത്ത് നിന്നും സന്ദർശകരെ ഒഴിപ്പിക്കാൻ തുടങ്ങിയെന്നും, പെട്ടുന്നുണ്ടായ ലോക്ക് ഡൗൺ മടക്കയാത്രയെ ബാധിക്കുകയായിരുന്നുവെന്നുമാണ് മാർച്ച് 28ന് എ.സി.പി അതുൽ കുമാറിന് എഴുതിയ കത്തിൽ അറിയിച്ചത്.

പ്രധാനമന്ത്രി ഞായറാഴ്ച്ച പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ തന്നെ നിസാമുദ്ദീൻ ഏകദേശം ഒഴിപ്പിച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ 21 ദിവസത്തെ ലോക്ക് ഡൗൺ മറ്റുള്ളവരുടെ മടക്കയാത്രയെ ബാധിക്കുകയായിരുന്നുവെന്നാണ് കത്തിൽ പറയുന്നത്. നിസാമുദ്ദീനില്‍ നിന്നും മടങ്ങിയ ആറ് പേരാണ് തെലങ്കാനയില്‍ കോവിഡ് മൂലം മരിച്ചത്.

നിസാമുദീനില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൂടി കോവിഡ് 
Also Read

നിസാമുദീനില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൂടി കോവിഡ് 

കശ്മീര്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കോവിഡ് ബാധിതരും നിസാമുദ്ദീനിലെ ബംഗ്‌ളാവാലി മസ്ജിദുമായി ബന്ധപ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഡല്‍ഹി പൊലിസ് ബംഗ്‌ളവാലി മസ്ജിദില്‍ കയറി പരിശോധന തുടങ്ങിയതും രോഗലക്ഷണങ്ങളുള്ള നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയതും. നിസാമുദ്ദീന്‍ മര്‍ക്കസിന്റെ വിശദീകരണ കുറിപ്പ് :-

നൂറു വര്‍ഷത്തോളമായി തബ്‌ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മര്‍കസ് നിസാമുദ്ദീന്‍. ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍/ തീര്‍ത്ഥാടകര്‍ 3-5 ദിവസത്തില്‍ കൂടാത്ത മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത പരിപാടികള്‍ക്കായി സ്ഥലത്തെത്തുന്നുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ പങ്കാളിത്തം പരിഗണിച്ച് എല്ലാ പ്രോഗ്രാമുകളും ഒരു വര്‍ഷം മുമ്പുതന്നെ തീരുമാനിക്കും.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2020 മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍, മര്‍കസ് നിസാമുദ്ദീനില്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഉടന്‍ നിര്‍ത്തലാക്കിയിരുന്നു. 2020 മാര്‍ച്ച് 21 ന് രാജ്യത്തുടനീളമുള്ള റെയില്‍ സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കിയതിനെത്തുടര്‍ന്ന്, സന്ദര്‍ശകരുടെ ഒരു വലിയ സംഘം മര്‍കസ് പരിസരത്ത് കുടുങ്ങി.

അതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി 2020 മാര്‍ച്ച് 31 വരെ ഡല്‍ഹി പൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. അതുവഴി നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഈ യാത്രക്കാര്‍ക്ക് റോഡ് ഗതാഗതം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. എന്നാലും മര്‍കസ് ഭരണകൂടത്തിന്റെ സഹായത്തോടെ, പതിനഞ്ചോളം സന്ദര്‍ശകര്‍ക്ക് ചെറിയ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി.

മാര്‍ച്ച് 23 ന് വൈകുന്നേരം പ്രധാനമന്ത്രി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടുപോയ സന്ദര്‍ശകരെ നിശ്ചിത മെഡിക്കല്‍ മുന്‍കരുതലുകളോടെ പാര്‍പ്പിക്കുകയല്ലാതെ മറ്റ് വഴികളിലില്ലായിരുന്നു.

2020 മാര്‍ച്ച് 24 ന് മര്‍കസ് പരിസരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെത്തിയിരുന്നു. മര്‍കസ് അടച്ചുപൂട്ടല്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും 1500 ഓളം പേര്‍ കഴിഞ്ഞ ദിവസം പുറപ്പെട്ടതായും വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം സന്ദര്‍ശകരെ മര്‍കസിലെത്തിച്ചതായും മറുപടി നല്‍കി.

ബാക്കിയുള്ളവരെ ഡല്‍ഹിക്ക് പുറത്തുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് വാഹന പാസുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട എസ്.ഡി.എമ്മിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രജിസ്ട്രേഷന്‍ നമ്പറുകളുള്ള 17 വാഹനങ്ങളുടെ ലിസ്റ്റുകളും ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സ് വിശദാംശങ്ങളും എല്‍ഡിക്ക് സമര്‍പ്പിച്ചുവെന്ന് ഇവിടെ സൂചിപ്പിക്കുന്നത് പ്രസക്തമാണ്. ഒറ്റപ്പെട്ട സന്ദര്‍ശകരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ എസ്.ഡി.എമ്മിന്റെ അനുമതിയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നു.

2020 മാര്‍ച്ച് 25 ന് തഹസില്‍ദാറും മെഡിക്കല്‍ സംഘവും മര്‍കസ് സന്ദര്‍ശിച്ചു. അവരുടെ പരിശോധനയ്ക്കും സന്ദര്‍ശകരുടെ പട്ടിക തയ്യാറാക്കുന്നതിനും പൂര്‍ണ്ണമായി സഹകരിച്ചു

2020 മാര്‍ച്ച് 26 ന് ലെഫ്റ്റനന്റ് എസ്.ഡി.എം മര്‍കസ് നിസാമുദ്ദീന്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ കൂടിക്കാഴ്ചയ്ക്ക് ഞങ്ങളെ വിളിക്കുകയും ചെയ്തു. സന്ദര്‍ശകരെക്കുറിച്ച് ഡി.എം അദ്ദേഹത്തെ അറിയിക്കുകയും ഞങ്ങള്‍ ക്രമീകരിച്ച വാഹനങ്ങള്‍ക്ക് വീണ്ടും അനുമതി തേടുകയും ചെയ്തു.

അടുത്ത ദിവസം, അതായത് 2020 മാര്‍ച്ച് 27 ന് ആറ് പേരെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.

2020 മാര്‍ച്ച് 28 ന് ലെഫ്റ്റനന്റ് എസ്.ഡി.എം, ലോകാരോഗ്യസംഘടന എന്നിവരടങ്ങിയ സംഘം മര്‍കസ് സന്ദര്‍ശിക്കുകയും 33 പേരെ മെഡിക്കല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി കാന്‍സര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അതിശയകരമെന്നു പറയട്ടെ, അതേ ദിവസം തന്നെ മറ്റൊരു നോട്ടിസ് പുറപ്പെടുവിച്ചു. ലജ്പത് നഗറിലെ എ.സി.പി ഓഫീസിലെ നോട്ടിസ് പ്രകാരം നിരോധന ഉത്തരവുകള്‍ ആവര്‍ത്തിക്കുകയും നിയമനടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കൊവിഡ് -19 ബാധിച്ച ആളുകള്‍ മര്‍കസില്‍ ഉണ്ടെന്ന് ആരോപിച്ച് 2020 മാര്‍ച്ച് 30 ന് (ഇന്നലെ) സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം പരന്നു. ചില മരണങ്ങള്‍ ഇതുമൂലം സംഭവിച്ചതായും പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി, ANI റിപ്പോര്‍ട്ട് ചെയ്തതുപോലെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി മര്‍കസിന്റെ ഭരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചതായി അറിഞ്ഞു.

മേല്‍പ്പറഞ്ഞ വസ്തുതാ പരിശോധന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിന് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍, ശേഷിക്കുന്ന സന്ദര്‍ശകരെ പിരിച്ചുവിടുന്നതിനായി മര്‍കസ് നടത്തിയ സന്ദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, സഹകരണം എന്നിവയെക്കുറിച്ച് അധികാരികള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്ന് വിനീതമായി പ്രസ്താവിക്കുന്നു.

ഈ കാലത്തിനിടയില്‍ മര്‍കസ് നിസാമുദ്ദീന്‍ ഒരിക്കലും നിയമ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലെത്തിയ സന്ദര്‍ശകരോട് എല്ലായ്പ്പോഴും അനുകമ്പയോടും യുക്തിസഹമായും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. തെരുവുകളില്‍ കറങ്ങിക്കൊണ്ടോ മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ അവരെ അനുവദിച്ചില്ല.

ഈ സ്ഥാപനത്തിനെ ക്വാറെൈന്റന്‍ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായി വിട്ടുതരാന്‍ തയ്യാറാണെന്ന് അധികാരികള്‍ക്ക് വിനയത്തോടെ ഉറപ്പുനല്‍കുന്നു. 100 വര്‍ഷക്കാലത്തിനിടക്ക് ഭരണകൂടവും അധികാരികളുമായും സഹകരിക്കുകയും എല്ലായ്‌പ്പോഴും നിയമവാഴ്ചയെ അക്ഷരത്തിലും ആത്മാവിലും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കളങ്കമില്ലാത്ത ചരിത്രമാണ് മര്‍കസ് നിസാമുദ്ദീനുള്ളത്. കൊവിഡ്-19 വെല്ലുവിളിയിലും ഞങ്ങള്‍ അങ്ങിനെ തന്നെ ആയിരിക്കും. അവര്‍ നല്‍കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കും.