നിസാമുദീനില്‍ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൂടി കോവിഡ്
സമ്മേളനത്തിനെത്തിയ 700 പേർ നിരീക്ഷണത്തിലാണ്.

ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തിനെത്തിയ 700 പേർ നിരീക്ഷണത്തിലാണ്. നിസാമുദ്ദീൻ മർക്കസ് ബിൽഡിങ്ങിൽ ആരോഗ്യ പ്രവർത്തകരും പൊലീസും പരിശോധന നടത്തി.
മാര്‍ച്ച് 9,10 തീയതികളിലും 13,14 തീയതികളിലും 17,18,19 തീയതികളിലും ദല്‍ഹി നിസാമുദ്ദീനിലെ ബംഗ്ളാവാലി മസ്ജിദില്‍ തബിലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ ചെറുതും വലുതുമായ നിരവധി കൂടിച്ചേരലുകള്‍ നടന്നിരുന്നു. 9,10 തീയതികളില്‍ നടന്ന ആലാമി മശ്വറയില്‍ പങ്കെടുക്കുന്നതിന് മലേഷ്യയിലെ സൗത്ത് ഏഷ്യാ തബ്ലീലീഗ് സമ്മേളനത്തില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ഏതാനും പ്രതിനിധികളിലൂടെയാണ് കോവിഡ് നിസാമുദ്ദീനില്‍ പടര്‍ന്നതെന്നാണ് പൊലിസ് സംശയിക്കുന്നത്.
തമിഴ്നാട് സര്‍ക്കാറാണ് ബംഗ്ളാവാലി മസ്ജിദില്‍ കോവിഡ് ബാധ ഉണ്ടായിരിക്കാമെന്ന സംശയവുമായി ആദ്യം രംഗത്തെത്തുന്നത്. സംസ്ഥാനത്തെ കോവിഡ് പോസിറ്റിവ് ആയ 67 രോഗികളില്‍ 38 പേരും മസ്ജിദില്‍ നടന്ന തബ്ലീഗ് സമ്മേമളനത്തില് പങ്കെടുത്തവരാണ്. ഇതിലൊരാള്‍ മരിക്കുകയും ചെയ്തു. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളിലും നല്ലൊരു പങ്ക് മാര്‍ച്ച് 9 മുതല്‍ 20 വരെ ദല്‍ഹിയില്‍ ഉണ്ടായിരുന്നവരാണ്. ദല്‍ഹി സമ്മേളനത്തില്‍ നിന്നും മടങ്ങിയ ആറ് പേരാണ് തെലങ്കാനയില്‍ കോവിഡ് മൂലം മരിച്ചത്.
കശ്മീര്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കോവിഡ് ബാധിതരും ബംഗ്ളാവാലി മസ്ജിദുമായി ബന്ധപ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഡല്ഹിപൊലിസ് ബംഗ്ളവാലി മസ്ജിദില്‍ കയറി പരിശോധന തുടങ്ങിയതും രോഗലക്ഷണങ്ങളുള്ള നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയതും.
വിദേശികള്‍ ഉള്‍പ്പടെ ആയിരത്തിലധികം പേരാണ് ആറ് നിലകളുള്ള ഈ മസ്ജിദിനകത്ത് ഉണ്ടായിരുന്നത്. പൊടുന്നനെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവരാണ് ഈ ആളുകളെന്നും ഇവരെ നാടുകളിലേക്ക് തിരിച്ചയക്കാന്‍ സഹായം ആവശ്യപ്പെട്ട് പൊലിസിനെ സമീപിച്ചിരുന്നുവെന്നും തബ്ലീഗ് ജമാഅത്ത് നേതാക്കള്‍ വ്യക്തമാക്കി.
50ല്‍ അധികം ആളുകള്‍ സംഘം ചേരരുതെന്ന മുന്നറിയിപ്പ് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച സാഹചര്യത്തില്‍ നൂറുകണക്കിന് മനുഷ്യജീവനുകളെ അപകടത്തിലാക്കും വിധം കുറ്റകരമായ അനാസ്ഥ കാണിച്ചതിന് ബംഗ്ളാവാലി മസ്ജിദ് അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉത്തരവിട്ടു.