LiveTV

Live

National

ഒരാഴ്ചക്കകം തെലങ്കാന കോവിഡ് വിമുക്തമാകുമെന്ന് ചന്ദ്രശേഖര റാവു

സംസ്ഥാനത്ത് നിലവില്‍ 70 പേര്‍ക്കാണ് രോഗബാധയുള്ളത്

ഒരാഴ്ചക്കകം തെലങ്കാന കോവിഡ് വിമുക്തമാകുമെന്ന് ചന്ദ്രശേഖര റാവു

കൊറോണ വൈറസിന്റെ വ്യാപനം പൂര്‍വ്വാധികം ശക്തിയോടെ തുടരുമ്പോള്‍ ഒരു ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഏപ്രില്‍ 7നകം തെലങ്കാന കോവിഡ് വിമുക്തമാകുമെന്നാണ് റാവു പറയുന്നത്.

സംസ്ഥാനത്ത് നിലവില്‍ 70 പേര്‍ക്കാണ് രോഗബാധയുള്ളത്. അതില്‍ രോഗം ഭേദമായ 11 പേര്‍ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ എല്ലാ ടെസ്റ്റുകള്‍ക്ക് ശേഷമാണ് ആളുകളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നത്. 58 പേർ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും റാവു പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 25,937 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഏപ്രില്‍ 7 ഓടെ ഇവരുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാകും. ഇവര്‍ക്ക് ആര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളിലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയം നിയന്ത്രണമാണ് ലോക് ഡൌണ്‍ കാലത്ത് ഏറ്റവും വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗബാധ മൂലം മരിച്ച എഴുപത്തിയാറുകാരന് മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ ഏഴോടെ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ പ്രവേശനം തടഞ്ഞിരിക്കുന്നതിനാല്‍ തെലങ്കാന കൊറോണമുക്തമാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇപ്പോള്‍ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് താമസഭക്ഷണ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരോട് ഒരു ദയയും കാണിക്കില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.