LiveTV

Live

National

അവര്‍ ലോക്ക് ഡൌണ്‍ ലംഘിച്ച് ആളുകളെ കയറ്റിയയച്ചു; ഡല്‍ഹി, യുപി സര്‍ക്കാരുകളെ വിമര്‍ശിച്ച് ബിഹാര്‍ മന്ത്രി

ഞാന്‍ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷെ, ഇത്രയധികം തൊഴിലാളികളെ കയറ്റിയയച്ചതിലൂടെ ലോക്ക് ഡൌണ്‍ നടപടികള്‍ ഡല്‍ഹി, യു.പി സര്‍ക്കാരുകള്‍ ലംഘിച്ചിരിക്കുന്നു

അവര്‍ ലോക്ക് ഡൌണ്‍ ലംഘിച്ച് ആളുകളെ കയറ്റിയയച്ചു; ഡല്‍ഹി, യുപി സര്‍ക്കാരുകളെ വിമര്‍ശിച്ച് ബിഹാര്‍ മന്ത്രി

ബിഹാറില്‍ നിന്നുള്ള ആയിരക്കണക്കിന് അതിഥി തൊഴിലാളികളെ ഡല്‍ഹി, യു.പി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചതിലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൌണ്‍ ബിഹാറില്‍ ലംഘിക്കപ്പെട്ടിരിക്കുന്നതായി ജലസേചന വകുപ്പ് മന്ത്രി സഞ്ജയ് ജാ പറഞ്ഞു. ലോക്ക് ഡൌണ്‍ നടപടികള്‍ തുടങ്ങുകയും മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ബസ്സുകളില്‍ അവരെ ബിഹാറിലേക്ക് തിരിച്ചയച്ചതിലൂടെ യോഗി ആദിത്യനാഥും അരവിന്ദ് കേജരിവാളും ബിഹാറിലെ സ്ഥിതി അതീവ ഗുരുതരമാക്കിയെന്നും മന്ത്രി ആരോപിച്ചു.

അവരെ ഒരു പ്രത്യേക ക്യാമ്പിലേക്ക് മാറ്റാനായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷെ, അവര്‍ അതിന് തയാറായില്ല. പലരും ആത്മഹത്യക്ക് വരെ ശ്രമിച്ചു. ഡല്‍ഹി, യുപി സര്‍ക്കാരുകള്‍ അവരെ നാട്ടിലെത്തിച്ചപ്പോള്‍ ഗ്രാമങ്ങളില്‍ നിന്നും 100 കിലോമീറ്റര്‍ മാറ്റി താമസിപ്പിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് ചിലര്‍ ഞങ്ങളെ കുറ്റം പറയാന്‍ തുടങ്ങി. ജാ പറഞ്ഞു.

ഞാന്‍ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷെ, ഇത്രയധികം തൊഴിലാളികളെ കയറ്റിയയച്ചതിലൂടെ ലോക്ക് ഡൌണ്‍ നടപടികള്‍ ഡല്‍ഹി, യു.പി സര്‍ക്കാരുകള്‍ ലംഘിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ നിന്നും യു.പിയില്‍ നിന്നും മാത്രമല്ല, നേപ്പാളില്‍ നിന്നും വരെ ആളുകള്‍ വന്നിരിക്കുന്നു. ഇത് സംസ്ഥാനത്ത് പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാക്കി മാറ്റിയിരിക്കുന്നു. ജാ കൂട്ടിച്ചേര്‍ത്തു.