LiveTV

Live

National

ദക്ഷിണേന്ത്യയില്‍ 17 പേര്‍ക്കൂകൂടി കോവിഡ്

തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ച പത്ത് മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർ മലയാളികളാണ്.

ദക്ഷിണേന്ത്യയില്‍ 17 പേര്‍ക്കൂകൂടി കോവിഡ്

കേരളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 17 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ച പത്ത് മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർ മലയാളികളാണ്.

തമിഴ്നാട്ടിൽ എട്ട് പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. പോടന്നൂരിലെ റയിൽവേ ആശുപത്രിയിലെ ഡോക്ടർ കോട്ടയം സ്വദേശിയുടെ മകനാണ് പത്ത് മാസം പ്രായമുള്ള കുട്ടി. ഡോക്ടർക്ക് ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അമ്മ, വീട്ടിലെ ജോലിക്കാരി എന്നിവർക്കും ഇന്നലെ രോഗം കണ്ടെത്തി.

എല്ലാവരും കോയമ്പത്തൂർ ഇഎസ്‌.ഐ ആശുപത്രിയിൽ ചികിൽസയിലാണ്. ഡോക്ടർ ചികിത്സിച്ചിരുന്ന രണ്ട് റെയിൽവെ ആശുപത്രികളും താൽകാലികമായി അടച്ചു. ഇറോഡിൽ ചികിൽസയിൽ കഴിയുന്ന ഇന്തോനേഷ്യൻ സ്വദേശികൾ, ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ എത്തിയിരുന്നതായി സൂചനയുണ്ട്.

ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം അൻപതായി. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തന സമയം സർക്കാർ ക്രമീകരിച്ചു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടര മണി വരെയാണ് അനുമതിയുള്ളത്.

കർണാടകയിൽ 7 പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ, നഞ്ചൻഗുഡിൽ പ്രവർത്തിക്കുന്ന മരുന്ന് വിതരണ കമ്പനിയിലെ ജീവനക്കാരാണ്. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇതേ കമ്പനിയിലെ ജീവനക്കാരനോടൊപ്പം ജോലി ചെയ്തവരാണ് ഈ അഞ്ച് പേരും. കർണാടകയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 83 ആയി. മൂന്ന് പേർ മരിച്ചു.

ശനിയാഴ്ച മരണം റിപ്പോർട്ട് ചെയ്ത തെലങ്കാനയിൽ ഇന്നലെ പുതിയ കേസുകളുണ്ടായില്ല. 65 ആണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. ആന്ധ്ര പ്രദേശിൽ 21 പേർക്കും പുതുച്ചേരിയിൽ ഒരാൾക്കുമാണ് ഇതുവരെ രോഗം കണ്ടെത്തിയത്.