LiveTV

Live

National

കോവിഡ് ലോക് ഡൌണ്‍; പാവപ്പെട്ടവര്‍ക്ക് ഇന്ദിരാ കാന്റീന്‍ വഴി സൌജന്യ ഭക്ഷണവുമായി കര്‍ണാടക സര്‍ക്കാര്‍

രാവിലെ 7.30 മുതല്‍ 10 വരെയും 12.30 മുതല്‍ വൈകിട്ട് 3 വരെയും രാത്രി 7.30 മുതല്‍ 9 വരെയായിരിക്കും കാന്റീന്‍ പ്രവര്‍ത്തിക്കുക

കോവിഡ് ലോക് ഡൌണ്‍; പാവപ്പെട്ടവര്‍ക്ക് ഇന്ദിരാ കാന്റീന്‍ വഴി സൌജന്യ ഭക്ഷണവുമായി കര്‍ണാടക സര്‍ക്കാര്‍

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക് ഡൌണിലാണ്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മിക്ക സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. പലരുടെയും ഉപജീവനമാര്‍ഗം തന്നെ ഇല്ലാതായി. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സൌജന്യ ഭക്ഷണവുമായി എത്തിയിരിക്കുകയാണ് യദ്യൂരപ്പ സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഇന്ദിരാ കാന്റീന്‍ വഴി പാവപ്പെട്ടവര്‍ക്ക് സൌജന്യമായി ഭക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാവിലെ 7.30 മുതല്‍ 10 വരെയും 12.30 മുതല്‍ വൈകിട്ട് 3 വരെയും രാത്രി 7.30 മുതല്‍ 9 വരെയായിരിക്കും കാന്റീന്‍ പ്രവര്‍ത്തിക്കുക. ഈ സമയങ്ങളില്‍ തെരുവ് കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കാന്റീനില്‍ നിന്നും ഭക്ഷണം ലഭിക്കും.

ദരിദ്രർക്ക് ചില സംഘടനകളുടെ സഹായത്തോടെ കാന്റീനുകളിലൂടെ ഭക്ഷ്യ പാക്കറ്റുകൾ നൽകുമെന്ന് വെള്ളിയാഴ്ചയിലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹായം തേടിയിരുന്നു.

സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ഇന്ദിര കാന്റീനില്‍ പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ചയൂണിനും അത്താഴത്തിനും 10 രൂപയുമാണ് ഈടാക്കുന്നത്. കാന്റീന്‍ എപ്പോഴും വൃത്തിയാക്കണമെന്നും കാന്റീന്‍ ജീവനക്കാര്‍ ഉറപ്പായും കയ്യുറയും മാസ്കും ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സോപ്പും സാനിറ്റൈസറും കാന്റീനില്‍ ലഭ്യമാക്കിയിട്ടുണ്ട്. കാന്റീനില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ ഒരു നിശ്ചിത അകലം പാലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ ദിവസവേതനക്കാര്‍ക്ക് സൌജന്യ ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച യദ്യൂരപ്പ സര്‍ക്കാര്‍ ഇത് വലിയ ജനത്തിരക്ക് സൃഷ്ടിക്കുമെന്ന് കരുതി മാര്‍ച്ച് 24ന് കാന്റീന്‍ തുറക്കില്ലെന്ന് പറഞ്ഞിരുന്നു. ഇത് വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.

സാധാരണക്കാരന് മിതമായ നിരക്കിൽ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇന്ദിരാ കാന്റീന്‍ തുടങ്ങിയത്. 2017ല്‍ സിദ്ധരാമയ്യ തുടങ്ങിവച്ച കാന്റീനുകളുടെ പേര് മാറ്റാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.