LiveTV

Live

National

കോവിഡില്‍ 1,70,000 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. ആരും പട്ടിണി കിടക്കരുതെന്ന് ധനമന്ത്രി.

കോവിഡില്‍  1,70,000 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യം അടച്ചുപൂട്ടലിലേക്ക് കടന്ന് 36 മണിക്കൂറിന് പിന്നാലെ സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. 1,70,000 കോടിയുടേതാണ് പാക്കേജ്. ആരോഗ്യ പ്രവർത്തകർക്കും സാധാരണക്കാർക്കുമാണ് മുൻഗണന. അടുത്ത 3 മാസത്തേക്കാണ് പ്രഖ്യാപനങ്ങൾ എല്ലാം.

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൌണിലായ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്ക് 15 കിലോ ധാന്യം സൌജന്യമായി ലഭിക്കും. അരിയോ ഗോതമ്പോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. അഞ്ച് കിലോ അരി വീതം മൂന്ന് മാസം സൌജന്യമായി നല്‍കും. ആരും പട്ടിണി കിടക്കരുതെന്നും ധനമന്ത്രി.

കോവിഡിന് എതിരായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ഉള്ളതായിരുന്നു ആദ്യ പ്രഖ്യാപനം. ആശ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, അടക്കമുള്ള 20 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ സൗജന്യ ഇൻഷുറൻസ്.

പാവപ്പെട്ടവർക്കും ഗ്രാമീണമേഖലയിൽ ഉള്ളവർക്കുമായിരുന്നു പിന്നീടുള്ള പ്രഖ്യാപനങ്ങൾ. പ്രധാനമന്ത്രി കല്യാൺ അന്ന യോജന വഴി 80 കോടി പേർക്ക് നിലവിൽ ലഭിക്കുന്നതിന് പുറമെ 5 കിലോ ഭക്ഷ്യധാന്യം സൗജന്യം. 5 കിലോ അരിയോ ഗോതമ്പോ അടുത്ത 3 മാസത്തേക്ക് സൗജന്യമായി ലഭിക്കും. ഒരു കിലോ പരിപ്പ് അല്ലെങ്കില്‍ പ്രദേശത്ത് ലഭ്യമാകുന്ന പരിപ്പ് വർഗം ഇതോടൊപ്പം ലഭിക്കും. റേഷൻ കാർഡിൽ പേരുള്ള ഒരാൾക്ക് വെച്ച് ഇത് നൽകും.

സാമ്പത്തിക പാക്കേജ് ഉടന്‍, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം: പ്രഖ്യാപനങ്ങളുമായി കേന്ദ്രധനമന്ത്രി
Also Read

സാമ്പത്തിക പാക്കേജ് ഉടന്‍, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം: പ്രഖ്യാപനങ്ങളുമായി കേന്ദ്രധനമന്ത്രി

ഉജ്ജ്വല സ്കീം വഴി സൗജന്യ ഗ്യാസ് സിലിണ്ടർ. വനിത സ്വയം സഹായ സംഘങ്ങളുടെ വായ്പാ തുക 10 ലക്ഷമെന്നത് 20 ലക്ഷം ആക്കി .

നിർമ്മാണ മേഖലയിലെ 3.5 കോടി തൊഴിലാളികൾക്ക് ക്ഷേമ ഫണ്ടിൽ നിന്ന് പ്രതിമാസം 1000 രൂപ നൽകും. 90 ശതമാനം ജീവനക്കാരുടേയും ശമ്പളം 15,000 രൂപയില്‍ താഴെയുള്ള കമ്പനികളിലെ EPF തുക സർക്കാർ അടക്കും. ഈ സ്ഥാപനങ്ങളില്‍ 100 തൊഴിലാളികളെ ഉണ്ടാകാന്‍ പാടുള്ളൂ. EPFല്‍ ഇനി 75ശതമാനം തുക മുൻകൂറായി പിൻവലിക്കാം.