LiveTV

Live

National

സൈന്യത്തെ വിളിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്; മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ലോക് ഡൌണുമായി ബന്ധപ്പെട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ പാലിക്കണമെന്ന് ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ അജിത് പവാര്‍ പറഞ്ഞു.

സൈന്യത്തെ വിളിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്;  മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ലോക് ഡൌണിന് യാതൊരു വിലയും കല്‍പിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അമേരിക്കയിലെ പോലെ ലോക് ഡൌണ്‍ നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ലോക് ഡൌണുമായി ബന്ധപ്പെട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ പാലിക്കണമെന്ന് ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ അജിത് പവാര്‍ പറഞ്ഞു.

അമേരിക്കയില്‍ ലോക് ഡൌണ്‍ നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കേണ്ടി വന്നു. അത്തരമൊരു സാഹചര്യത്തിലേക്ക് നമ്മള്‍ എത്തിച്ചേരരുതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളും പൊലീസും സ്വയം നിയന്ത്രണം പാലിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ ധനകാര്യ, ആസൂത്രണ വകുപ്പുകളുടെ ചുമതല അജിത് പവാറിനാണ്.

വാസായില്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ ഓടിച്ചുകയറ്റി ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും ബീഡില്‍ പൊലീസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പവാര്‍ എത്തിയത്. പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്ന ആരെയും സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും പവാര്‍ പറഞ്ഞു.കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരും പൊലീസും തങ്ങളുടെ കടമ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടർമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും നേരെയുള്ള ആക്രമണം അനുവദിച്ചു തരില്ല. ഡോക്ടർമാരെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നതായി കണ്ടെത്തിയാല്‍ നിയമപ്രകാരം കർശന നടപടികളെടുക്കുമെന്ന് പവാർ പ്രസ്താവനയില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 124 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാല് പേര്‍ മരിക്കുകയും ചെയ്തു.