LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 660 ആയി; നാല് മരണം

കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണവും 42 പേർക്ക് രോഗവും സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരുടെ  എണ്ണം 660 ആയി; നാല് മരണം

രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 660 ആയി. 13 പേർ രോഗം ബാധിച്ചു മരിച്ചെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം മഹാരാഷ്ട്ര അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ സമൂഹ വ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ്. കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണവും 42 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ജമ്മുകശ്മീരിൽ കോവിഡ് 19 മൂലം ഒരു മരണം റിപ്പോർട്ട്‌ ചെയ്തു. ഹൈദർപോര സ്വദേശിയായ 65 വയസുകാരനാണ് മരിച്ചത്.

ഇയാളുമായി അടുത്തിടപഴകിയ നാലുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഭാവ് നഗറിൽ 70 വയസ്സുകാരനും രോഗം ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ ചികിത്സയിലിരുന്ന 65 കാരിയുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു. അതേസമയം ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആൻഡമാനിലും ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ, പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ന് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഡൽഹിയിൽ മൊഹല്ല ക്ലിനിക് ഡോക്ടർക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിലെ മോജ്പ്പുരിലെ മൊഹല്ല ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് രോഗം.

മാർച്ച്‌ 12 മുതൽ 18 വരെ ക്ലിനിക്കിൽ എത്തിയ 800 പേരെ നിരീക്ഷണത്തിൽ ആക്കി എന്ന് സർക്കാർ വ്യക്തമാക്കി. മഹാരാഷ്ട്ര, ഗുജറാത്ത്‌, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ സമൂഹ വ്യാപന സാധ്യത ഭയക്കുന്നുണ്ട്. മുംബൈയിലെ ചേരികളിൽ നിന്ന് രണ്ട് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കോവിഡ് 19 സ്ഥിരീകരിച്ച 42 പേർ ഇതുവരെ ആശുപത്രി വിട്ടു.