LiveTV

Live

National

ലോക് ഡൗണ്‍; പുറത്തിറങ്ങുന്നവരെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 39 ആയി ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്

ലോക് ഡൗണ്‍; പുറത്തിറങ്ങുന്നവരെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി

ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും പുറത്തിറങ്ങുന്നത് കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവിടേണ്ടി വരുമെന്ന് റാവു വ്യക്തമാക്കി.

“നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ വീട്ടിലിരിക്കുന്നില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ നിർബന്ധിതരാകും. ആളുകൾ തെരുവുകളിൽ തുടരുകയാണെങ്കിൽ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും റാവു പറഞ്ഞു.

വിദേശത്ത് നിന്നും മടങ്ങിയെത്തിയ19,000 ത്തിലധികം പേരും വിദേശ പൗരന്മാരും അവരുമായി സമ്പർക്കം പുലർത്തുന്നവരും നിരീക്ഷണത്തിലാണെന്ന് റാവു പറഞ്ഞു. കോവിഡ് -19 പോസിറ്റീവ് രോഗികളിൽ ആരും ഗുരുതരാവസ്ഥയിലല്ല. അവരുടെ നില മെച്ചപ്പെട്ടുവെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 39 ആയി ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള ഭക്ഷ്യ വിതരണ സേവനങ്ങളുമായി ബുധനാഴ്ച സർക്കാർ ചർച്ച നടത്തിയിരുന്നു. അന്തർ സംസ്ഥാന അതിർത്തിയിൽ രണ്ട് ദിവസമായി കാത്തിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും ചൊവ്വാഴ്ച രാത്രി ഒറ്റത്തവണത്തേക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയിരുന്നു.

ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വനന്നത്. ജനങ്ങള്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. രാജ്യത്ത് നിങ്ങൾ എവിടെ ആണോ അവിടെ തന്നെ ഇരിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.