LiveTV

Live

National

കോവിഡ് ബാധിച്ച് ജമ്മു കശ്മീരില്‍ ഒരു മരണം

ഡൽഹിയിൽ മൊഹല്ല ക്ലിനിക് ഡോക്ടർക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിലെ മോജ്പ്പുരിലെ മൊഹല്ല ക്ലിനികിൽ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് രോഗം.

കോവിഡ് ബാധിച്ച് ജമ്മു കശ്മീരില്‍ ഒരു മരണം

രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്നും മരണം. ജമ്മു കശ്മീരിലാണ് മരണമുണ്ടായത്. ഹൈദർ പോര സ്വദേശിയായ 65 വയസുകാരനാണ് മരിച്ചത്. ഇയാളുമായി അടുത്തിടപഴകിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ഇതുവരെ 634 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഗോവയില്‍ ആദ്യമായി മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതർ 20 ആയി.

ഡൽഹിയിൽ മൊഹല്ല ക്ലിനിക് ഡോക്ടർക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിലെ മോജ്പ്പുരിലെ മൊഹല്ല ക്ലിനികിൽ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് രോഗം. മാർച്ച്‌ 12 മുതൽ 18 വരെ ക്ലിനിക്കിൽ എത്തിയ ആളുകൾ നിരീക്ഷണത്തിനു വിധേയമകണമെന്ന് സർക്കാർ. കഴിഞ്ഞ മാസം കലാപം നടന്ന പ്രദേശമാണ് മോജ്പുർ.

രാജ്യമാകെ ലോക്ഡൌണ്‍ തുടരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 606 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. മിസോറാമിൽ ആദ്യ കോവിഡ് കേസും റിപ്പോർട്ട്‌ ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് G-20 രാഷ്ട്രത്തലവൻമാർ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ചർച്ച നടത്തും.

സൗദി അറേബിയയിൽ സന്ദർശനം നടത്തിയ 85 കാരിയാണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ മരിച്ചത്. ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 116ആയി.

വടക്ക് കിഴക്കൻ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു തുടങ്ങി. മിസോറാമിൽ ഒരു പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നെതർലന്റ്സിൽ നിന്ന് തിരിച്ചെത്തിയതാണ്.

ഉത്തർപ്രദേശിലെ പിലിഭിത്തിൽ വിദേശത്ത് യാത്രകൾ നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി നേരിട്ട് ഇടപഴകുകയോ ചെയ്യാത്ത 33 വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഇത് സമ്പർക്ക വ്യാപനമാണെന്ന് ലഖ്നൗ കിങ് ജോർജ് മെഡിക്കൽ സർവകലാശാല അറിയിച്ചു.

ബീഹാറിൽ കോവിഡ് സ്ഥിരീകരിച്ച ആൾ നളന്ദ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നാണ് 29 വയസ്സുള്ള ഇയാൾ പട്നയിൽ എത്തിയത്. ഇയാളുടെ യാത്രകൾ പരിശോധിച്ച് വരികയാണ്. മെഡിക്കൽ കോളേജിലെ 84 ഡോക്ടർമാരും നിരീക്ഷണത്തിലാണ്.

മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീച്ച സാഹചര്യത്തിൽ കമൽനാഥ് രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിലും തുടർന്ന് നടന്ന പരിപാടികളിലും പങ്കെടുത്ത മാധ്യമപ്രവർത്തകരും ആളുകളും സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി.

കോവിഡ് 19 ബാധിച്ച് തമിഴ്നാട്ടില്‍ ഒരാള്‍ മരിച്ചതിന് പിന്നാലെ, ഇന്നലെ എട്ട് പുതിയ കേസുകൾ കൂടി റിപ്പോർട്ടു ചെയ്തു. തമിഴ്നാട്ടില്‍ 25 പേര്‍ക്കും കര്‍ണാടകയില്‍ 51 പേര്‍ക്കും തെലങ്കാനയില്‍ 39 പേര്‍ക്കുമാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ മരിച്ച മധുര അണ്ണാനഗർ സ്വദേശിയ്ക്ക് യാത്രാചരിത്രം ഇല്ലാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സമൂഹവ്യാപനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നത് സ്ഥിരീകരിക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. തമിഴ്നാട്ടില്‍ ചികിത്സയിലുള്ള മറ്റ് രണ്ട് രോഗികളും സമാന അവസ്ഥയിലുള്ളവരാണ്. ഉത്തർപ്രദേശ് സ്വദേശിയായ രണ്ടാമത്തെ കോവിഡ് രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് മന്ത്രി സി.വിജയഭാസ്കർ പറഞ്ഞു.

ആളുകള്‍ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നത് തടയാൻ ശക്തമായ നടപടികള്‍ പൊലിസ് സ്വീകരിച്ചുവരുന്നുണ്ട്. രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിച്ച കര്‍ണാടകയും നടപടികള്‍ കൂടുതല്‍ ശക്തമാക്കി. ഇന്നലെ മാത്രം പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രോഗവ്യാപനത്തിനുള്ള വലിയ സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. 51 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കാനുളള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്.

തെലങ്കാനയില്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് കാര്യമായ പരിശോധനകള്‍ നടക്കുന്നത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ സംസ്ഥാനത്തേയ്ക്ക് പ്രവേശിപ്പിയ്ക്കുന്നത്. അവശ്യവസ്തുക്കള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു.

ആന്ധ്രപ്രദേശില്‍ ഇന്നലെ രണ്ട് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും പരിശോധനകള്‍ ശക്തമായി തുടരുകയാണ്.

ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം സൗദി അറേബ്യയുടെ നേതൃത്വത്തിൽ ആണ് ജി 20 ഉച്ചകോടി ഇന്ന് വൈകിട്ടാണ് നടക്കുന്നത്. അംഗ രാജ്യങ്ങൾക്ക് പുറമെ യുഎൻ, ആസിയാൻ, ജിസിസി തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.