LiveTV

Live

National

കോവിഡ് 19; തമിഴ്നാട്ടിലെ മരണം സമൂഹവ്യാപനത്തെ തുടര്‍ന്നാണോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു

23നാണ് മധുര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ,സ്ഥിതി വഷളായി. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് കൃത്യമായ യാത്രാ ചരിത്രമില്ലെന്നത്ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കോവിഡ് 19; തമിഴ്നാട്ടിലെ മരണം സമൂഹവ്യാപനത്തെ തുടര്‍ന്നാണോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു

കോവിഡ് 19 ബാധിച്ച് തമിഴ്നാട്ടില്‍ ഒരാള്‍ മരിച്ചു. 54 വയസുള്ള മധുര അണ്ണാ നഗര്‍ സ്വദേശിയാണ് മരിച്ചത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ മരണമാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനങ്ങളെല്ലാം നിശ്ചലമായി. തമിഴ്നാട്ടില്‍ 17 പേര്‍ക്കും കര്‍ണാടകയില്‍ 41 പേര്‍ക്കും തെലങ്കാനയില്‍ 39 പേര്‍ക്കും ആന്ധ്രയില്‍ എട്ടു പേര്‍ക്കും പുതുച്ചേരിയില്‍ ഒരാള്‍ക്കുമാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.

23നാണ് മധുര സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ, സ്ഥിതി വഷളായി. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് കൃത്യമായ യാത്രാ ചരിത്രമില്ലെന്നത്ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ചികിത്സയിലുള്ള മറ്റ് രണ്ട് രോഗികളും സമാന അവസ്ഥയിലുള്ളവരാണ്. സമൂഹവ്യാപനമാണോ രോഗം വരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല.

നിരോധനാജ്ഞയ്ക്ക് പിന്നാലെ ലോക്ഡൌണ്‍ കൂടി പ്രഖ്യാപിച്ചതോടെ, പരിശോധനകള്‍ ശക്തമായിട്ടുണ്ട്. ആളുകള്‍ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നത് ശക്തമായ നടപടികള്‍ പൊലിസ് സ്വീകരിച്ചുവരുന്നുണ്ട്.രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിച്ച കര്‍ണാടകയും നടപടികള്‍ കൂടുതല്‍ ശക്തമാക്കി. ഇന്നലെ മാത്രം എട്ടുകേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ, രോഗവ്യാപനത്തിനുള്ള വലിയ സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കാനുളള നടപടികളാണ് എടുത്തിട്ടുള്ളത്. കര്‍ണാടകയില്‍ ചികിത്സയിലുള്ള ആറുപേര്‍ മലയാളികളാണ്. തെലങ്കാനയില്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് കാര്യമായ പരിശോധനകള്‍ നടക്കുന്നത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ സംസ്ഥാനത്തേയ്ക്ക് പ്രവേശിപ്പിയ്ക്കുന്നത്. അവശ്യവസ്തുക്കള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു.

ആന്ധ്രപ്രദേശില്‍ ഇന്നലെ രണ്ട് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും പരിശോധനകള്‍ ശക്തമായി തുടരുന്നു. ഒന്‍പതാം ക്ളാസ് വരെയുള്ള പരീക്ഷകള്‍ റദ്ദാക്കി. എല്ലാ വിദ്യാര്‍ഥികള്‍ക്കും അടുത്ത ക്ളാസിലേക്ക് പ്രവേശനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.