LiveTV

Live

National

ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ യു.പി ആശുപത്രിയിലെ ഐസലൊഷന്‍ വാര്‍ഡില്‍ ബിയര്‍ പാര്‍ട്ടി

ഉത്തര്‍പ്രദേശിലെ ഏട്ടാ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം

ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ യു.പി ആശുപത്രിയിലെ ഐസലൊഷന്‍ വാര്‍ഡില്‍ ബിയര്‍ പാര്‍ട്ടി

ലോകം കൊറോണയെ പിടിച്ചുകെട്ടാനുള്ള പെടാപ്പാടിലാണ്. കര്‍ശന നിയന്ത്രണങ്ങളുമായി പൊതുജനത്തെ പിടിച്ച് വീട്ടിലിരുത്തുമ്പോള്‍ ഓരോ ഭരണാധികാരിയും ചിന്തിക്കുന്നത് കൊറോണയെ എങ്ങിനെ പ്രതിരോധിക്കാമെന്നാണ്. എന്നാല്‍ ഇതിനൊന്നും ഒരു വിലയും കൊടുക്കാത്ത ചിലരും നമ്മുടെ സമൂഹത്തിലുണ്ട്. ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും സംഭവിച്ചതും ഇതാണ്. ലോകം കൊറോണയെ പേടിച്ച് നിമിഷങ്ങള്‍ തള്ളിനീക്കുമ്പോള്‍ ആശുപത്രിയിലെ ഐസലോഷന്‍ വാര്‍ഡിനകത്ത് ബിയര്‍ പാര്‍ട്ടി നടത്തി ആഘോഷിക്കുകയാണ് ആശുപത്രിയിലെ ജീവനക്കാര്‍.

ഉത്തര്‍പ്രദേശിലെ ഏട്ടാ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആളില്ലാത്ത ഐസലോഷന്‍ വാര്‍ഡ് സ്വസ്ഥമായി മദ്യപിക്കാനുള്ള ഇടമായിട്ടാണ് ജീവനക്കാര്‍ക്ക് തോന്നിയത്. സമയം കിട്ടുമ്പോള്‍ മദ്യപിക്കാനായി ബിയര്‍ കുപ്പികളും വാര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ഒരു മിന്നല്‍ സന്ദർശനം നടത്തിയപ്പോഴാണ് ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ ഈ പ്രവൃത്തി ശ്രദ്ധയില്‍ പെട്ടത്. പരിശോധനക്കിടെ നിരവധി ശൂന്യമായ ബിയര്‍ കുപ്പികളും വാര്‍ഡില്‍ നിന്നും കണ്ടെത്തി. ''വാർഡിനുള്ളിൽ ബിയർ ക്യാനുകൾ ഉണ്ടായിരുന്നു. രണ്ടു പേര്‍ അവിടെയിരുന്ന് മദ്യപിക്കുന്നുമുണ്ടായിരുന്നു. അവർക്കെതിരെ കർശന നടപടിയെടുക്കും . ബിയർ കഴിച്ചതായി കണ്ടെത്തിയാൽ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിടും'' മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജില്ലാ മജിസ്ട്രേറ്റ് സുഖ്‍ലാല്‍ ഭാരതിയും സന്ദര്‍ശക സംഘത്തിനൊപ്പമുണ്ടായിരുന്നു. മദ്യപിച്ച രണ്ട് ജീവനക്കാരെ അദ്ദേഹം വൈദ്യപരിശോധനക്ക് അയക്കുകയും ചെയ്തു. ഐസലൊഷന്‍ വാർഡിൽ സംശയാസ്പദമായ അല്ലെങ്കിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും, കൊറോണ വൈറസ് ബാധിച്ചതായി ഇതുവരെ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ വാര്‍ഡ് ശൂന്യമാണെന്ന് ജില്ലാവൃത്തങ്ങള്‍ അറിയിച്ചു.