LiveTV

Live

National

കോവിഡ് 19; ഡോക്ടര്‍മാരും നഴ്സുമാരും വാടകവീടുകള്‍ ഒഴിയണമെന്ന് ഉടമകള്‍, താക്കീതുമായി ഡല്‍ഹി സര്‍ക്കാര്‍

ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തടസമുണ്ടാക്കിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് 19; ഡോക്ടര്‍മാരും നഴ്സുമാരും വാടകവീടുകള്‍ ഒഴിയണമെന്ന് ഉടമകള്‍, താക്കീതുമായി ഡല്‍ഹി സര്‍ക്കാര്‍

കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാവരും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ് തലസ്ഥാനത്തെ ഡോക്ടര്‍മാരും നഴ്സുമാരും. കോവിഡ് ഭീതിയില്‍ വാടകവീടുകളില്‍ താമസിക്കുന്ന ഡോക്ടര്‍മാരോടും നഴ്സുമാരോടും വീടൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഉടമകള്‍‌. എന്നാല്‍ ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തടസമുണ്ടാക്കിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

എയിംസ്, എന്‍.സി.റ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍,നഴ്സുമാര്‍,പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഭാഗത്ത് നിന്നും കുറെയധികം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ കെട്ടിട ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉടമകളുടെ ഇത്തരം പെരുമാറ്റങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തിന്റെ മൂല്യത്തെ കെടുത്തുമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയെ തടസപ്പെടുത്തുന്നതിന് തുല്യമാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

എയിംസ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ചൊവ്വാഴ്ച കേന്ദ്രമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ കെട്ടിട ഉടമകള്‍ വീടൊഴിയാന്‍ നിര്‍ബന്ധിക്കുകയാണെന്നും തങ്ങളെയും കോവിഡ് ബാധിച്ചേക്കുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും കത്തില്‍ പറയുന്നു.

നിരവധി ഡോക്ടര്‍മാര്‍ അവരുടെ ലഗേജുമായി പെരുവഴിയിലാണ്.എവിടേക്ക് പോകണമെന്ന് അവര്‍ക്കറിയില്ല.കെട്ടിട ഉടമകളുടെ പ്രവൃത്തിയെ അപലപിക്കുന്നതായി ആര്‍.ഡി.എ പ്രസിഡന്റ് ഡോ.ആദര്‍ശ് പ്രതാപ് സിംഗ്, ജനറല്‍ സെക്രട്ടറി ഡോ.ശ്രീനിവാസ് രാജ്‍കുമാര്‍ ടി എന്നിവര്‍ പറഞ്ഞു.ആശുപത്രികളിലേക്കുള്ള ഗതാഗത പ്രശ്നവും അവർ ഉന്നയിച്ചു, മിക്ക സംസ്ഥാനങ്ങളിലും പൊതുഗതാഗതം നിര്‍ത്തലാക്കിയത് ഡോക്ടര്‍മാരെ വലച്ചിട്ടുണ്ടെന്നും പറഞ്ഞു.ആരോഗ്യപ്രവര്‍ത്തകര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.