LiveTV

Live

National

ഗുരുതരാവസ്ഥയിലുള്ള കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ശിപാർശയുമായി ഐസിഎംആർ 

രോഗബാധിതരുടെ എണ്ണം 467; മരണം 9: രാജ്യം അതീവജാഗ്രതയില്‍

ഗുരുതരാവസ്ഥയിലുള്ള കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ശിപാർശയുമായി ഐസിഎംആർ 

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. പശ്ചിമ ബംഗാളിലും ഹിമാചല്‍ പ്രദേശിലുമാണ് ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 467ലെത്തി. അപകട സാധ്യതയുള്ള കോവിഡ് 19 കേസുകളിൽ ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കാൻ ഐസിഎംആർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് ശിപാർശ ചെയ്തു.

ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശിയാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. യുഎസില്‍ നിന്ന് മടങ്ങിയ ടിബറ്റന്‍ അഭയാര്‍ഥിയും ഇന്ന് മരിച്ചു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 97 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ രോഗബാധിതരുടെ എണ്ണം 33 ആയി.

ഡൽഹിയിൽ ആകെ 30 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 29 ആയി. ചണ്ഢീഗഢിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. കോവിഡ് പരിശോധനകൾക്കായി അതിവേഗപരിശോധന സംവിധാനം ആരംഭിച്ചു. സ്വകാര്യ ലാബുകളെയും ഉൾപ്പെടുത്തിയാണ് പരിശോധന. 12 സ്വകാര്യ ലാബ് ശൃംഖലയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയ്ക്കു കീഴിൽ 15000 ശേഖരണ കേന്ദ്രങ്ങളുണ്ടെന്ന് ഐസിഎംആർ അറിയിച്ചു.

കോവിഡ് 19 പ്രതിരോധത്തിനായി കണ്ടെത്തിയ ഹൈഡ്രോക്സിക്ലോറോക്വിൻ മനുഷ്യകോശങ്ങളെ വൈറസിൽ നിന്ന് സംരക്ഷിച്ച് രോഗം ഭേദമാക്കാൻ ശേഷിയുള്ളവയെന്നാണ് കണ്ടെത്തൽ. സാർസ് രോഗത്തിന് നേരത്തെ പരീക്ഷിച്ച് ഫലം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയിലും പഞ്ചാബിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

കോവിഡ് പരിശോധനാഫലം നെഗറ്റീവ് എന്നു തെളിഞ്ഞവരെയാണ് ഇറാനിൽ നിന്ന് 24, 28 തീയതികളിലായി ഇന്ത്യയിലേക്ക് കൊണ്ടുവരിക. സാർക്ക് കോവിഡ് 19 അടിയന്തര സഹായ നിധിയിലേക്ക് സംഭാവന നൽകിയ ബംഗ്ലാദേശ്, ശ്രീലങ്ക അഫ്ഗാനിസ്ഥാൻ നേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബിൽ ആവശ്യക്കാർക്ക് ഭക്ഷണവും പാർപ്പിടവും മരുന്നുകളും സൗജന്യമായി നൽകും. മുഖ്യമന്ത്രിയുടെ സഹായനിധിയിൽ നിന്ന് ഇതിനായി 20 കോടി നൽകി.

കോവിഡ് 19 രോഗബാധ തടയാന്‍ കര്‍ശന നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ആയി. കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 31 വരെ കര്‍ണാടകയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു.

വൈകീട്ട് ആറു മണിമുതല്‍ 31 വരെയാണ് തമിഴ്നാട്ടില്‍ നിരോധനാജ്ഞ. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും തിരിച്ചുമുള്ള ചരക്കു നീക്കത്തിന് തടസ്സമുണ്ടാകില്ല. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിയ്ക്കു. നാളെ വൈകീട്ട് മുതല്‍ ജില്ലാ അതിര്‍ത്തികളും അടയ്ക്കും. ഭക്ഷണം, മരുന്ന്, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് തുടങ്ങി അവശ്യ സര്‍വ്വീസുകള്‍ ഉണ്ടാകും. മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 12 ആയി. ബെംഗലുരുവില്‍ ദുബൈയില്‍ നിന്നെത്തിയ രണ്ട് മലയാളികള്‍‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ 22-കാരനും 46-കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക് ഡൌണ്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്താകെ ലോക്ഡൌണ്‍ പ്രഖ്യാപിച്ച ആന്ധ്രയില്‍ ആറ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 31 വരെയാണ് സംസ്ഥാനത്ത് ലോക്ഡൌണ്‍ നടപ്പാകുക. തെലങ്കാനയില്‍ പുതുതായി ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുച്ചേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ആരംഭിച്ചു. 31 വരെയാണ് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ നേരം മാത്രമെ ആളുകള്‍ നഗരങ്ങളില്‍ ഇറങ്ങാവു എന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.