LiveTV

Live

National

ശഹീൻ ബാഗ്, ജാമിഅഃ മില്ലിയ സർവകലാശാല സമരപ്പന്തലുകള്‍ പൊലീസ് പൊളിച്ചു; സമരക്കാരെ ഒഴിപ്പിച്ചു

ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. ആറ് സ്ത്രീകളെയും മൂന്ന് പുരുഷന്‍മാരെയും 144 ലംഘിച്ചു എന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശഹീൻ ബാഗ്, ജാമിഅഃ മില്ലിയ സർവകലാശാല സമരപ്പന്തലുകള്‍ പൊലീസ് പൊളിച്ചു; സമരക്കാരെ ഒഴിപ്പിച്ചു

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശാഹീൻ ബാഗിലെ സിഎഎ വിരുദ്ധ സമരപന്തൽ ഡൽഹി പൊലീസ് പൊളിച്ചുനീക്കി. രാവിലെ ഏഴ് മണിയോടെയാണ് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി സമരപന്തൽ പൊളിച്ചുനീക്കിയത്. ജാമിഅഃ മില്ലിയ സർവകലാശാലയിലെ സമരപന്തലും പൊലീസ് പൊളിച്ചുനീക്കി.

സിഎഎ വിരുദ്ധ പ്രക്ഷോഭം ദേശവ്യാപകമായി ശക്തിപ്പെടുത്തിയ ശാഹീൻ ബാഗ് സമരപന്തൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി പൊളിച്ചുമാറ്റിയത്. അർധ സൈനിക വിഭാഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് സമരപന്തൽ മാറ്റിയതെന്ന് പൊലീസ് വ്യക്തമാക്കി.

ആറ് സ്ത്രീകളടക്കം ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. ശേഷം ജാമിഅഃ മില്ലിയയിലെ സമരപന്തലും പൊലീസ് പൊളിച്ചുനീക്കി. നേരത്തെ തന്നെ ജാമിഅഃ കോഡിനേഷൻ കമ്മിറ്റി സമരം അവസാനിപ്പിച്ചിരുന്നെങ്കിലും സമരപന്തൽ നിലനിർത്തിയിരുന്നു. ഇതാണ് പത്ത് മണിയോടെ പൊലീസ് പൊളിച്ചുനീക്കിയത്.

ജനത കർഫ്യൂവിന്റെ മറവിൽ ശാഹീൻ ബാഗിലും ജാമിഅഃ മില്ലിയ സർവകലാശാലയിലും ഇന്നലെ അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. ശാഹീൻ ബാഗിലെ സമരപന്തലിലേക്ക് പെട്രോൾ ബോംബെറിഞ്ഞ സംഘം ജാമിഅഃ സമരപന്തലിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.

സമരപന്തലിലെ ആള്‍ക്കൂട്ടത്തെ കുറച്ചും നിശ്ചിത ദൂരത്തില്‍ ഇരുന്നും ആളുകള്‍ക്ക് പകരം ചെരുപ്പ് നിരാഹാരകട്ടിലില്‍ വെച്ചുമായിരുന്നു കോവിഡ് 19 സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പ്രതിഷേധം മുന്നോട്ടുപോയിരുന്നത്. ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളോടെല്ലാം പ്രതിഷേധക്കാര്‍ സഹകരിക്കുകയും ചെയ്തിരുന്നു

രാജ്യത്തെ പല സംസ്ഥാനങ്ങളും കോവിഡ് 19 നെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഡല്‍ഹിയും നിര്‍ദേശം കര്‍ശനമാക്കിയത്. രാജ്യത്തെ 30 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്.