LiveTV

Live

National

സുപ്രീംകോടതി നാളെ മുതല്‍ അടച്ചിടും

അടിയന്തിര പ്രാധാന്യമുള്ള ഹരജികൾ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പരിഗണിക്കും

സുപ്രീംകോടതി നാളെ മുതല്‍  അടച്ചിടും

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലും നിയന്ത്രണങ്ങള്‍. നാളെ മുതല്‍ സുപ്രീംകോടതി അടച്ചിടും. അടിയന്തിര പ്രാധാന്യമുള്ള ഹരജികൾ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തലാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കക്ഷി നേതാക്കന്മാരുടെ യോഗം അല്‍പസമയത്തിനകം ചേരും.

ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് മാത്രമാണ് ചേര്‍ന്നിരുന്നത്. ചേര്‍ന്നയുടനെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് കോടതി അടച്ചിടണമെന്ന ആവശ്യം ഉന്നയിച്ചത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ ഹരജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും കോടതിയിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ദവെ പറഞ്ഞു. നാളെ മുതല്‍ സുപ്രീംകോടതി അടച്ചിടുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പ്രഖ്യാപിച്ചു. അതേസമയം അടിയന്തിര പ്രാധാന്യമുള്ള ഹരജികളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം കേള്‍ക്കും.

ചേംബറുകള്‍ നാളെ അഞ്ച് മണിയോടെ അടക്കാന്‍ അഭിഭാഷകരോട് സുപ്രീകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി അഡ്വ.ഓണ്‍ റെക്കോഡ്സും ബാര്‍ അസോസിയേഷനും നേരത്തെ ഇക്കാര്യം ആവിശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നിര്‍ത്തിവെക്കുന്ന ആവശ്യവും ശക്തമാണ്. മുഴുവന്‍ സഭാ നടപടികളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടിആര്‍എസ് എംപി കേശവ റാവു, സിപിഎം എം.പി കെ.കെ രാഗേഷ് എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. അല്പസമയത്തിനകം കക്ഷി നേതാക്കളുടെ യോഗം പാര്‍ലമെന്‍റില്‍ ചേരും. ഇരു സഭകളും രണ്ട് മണിക്കാണ് ഇന്ന് യോഗം ചേരുന്നത്.