LiveTV

Live

National

കൊറോണക്കാലത്ത് പിറന്ന കുഞ്ഞിന് ‘കൊറോണ’യെന്ന് പേരിട്ട് ദമ്പതികള്‍

ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്

കൊറോണക്കാലത്ത് പിറന്ന കുഞ്ഞിന് ‘കൊറോണ’യെന്ന് പേരിട്ട് ദമ്പതികള്‍

അത്യന്തം ഭീതികരമായ കൊറോണക്കാലത്താണ് അവള്‍ പിറന്നുവീണത്. അപ്പോള്‍ പിന്നെ അവള്‍ക്കൊരു പേരിടാനും മാതാപിതാക്കള്‍ ഒട്ടും താമസിച്ചില്ല. മഹാമാരിക്കിടയിലും തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് കൊറോണ എന്ന് തന്നെ അവര്‍ പേരിട്ടു. ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്.

ഗൊരക്പൂരില്‍ തന്നെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. കോവിഡ് വ്യാപനത്തിനെതിരെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു കൊറോണയുടെ ജനനം. കോവിഡ് രോഗബാധ സമൂഹത്തെ ഒരുമിപ്പിച്ചുവെന്നും വൈറസിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാന്‍ സമൂഹത്തിന് പ്രചോദനമായി എന്നും കുട്ടിയുടെ അമ്മാവന്‍ നിതേഷ് ത്രിപാഠി പറഞ്ഞു. വൈറസ് തീര്‍ച്ചയായും അപകടകാരിയാണ്. നിരവധി പേരുടെ ജീവനെടുത്തു. എങ്കിലും നമ്മളില്‍ കുറെ നല്ല ശീലങ്ങള്‍ ഉണ്ടാക്കാനും വൈറസ് സഹായിച്ചുവെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിലെ എല്ലാവരോടും കൂടിയാലോചിച്ചതിന് ശേഷമാണ് കുട്ടിക്ക് കൊറോണ എന്ന് പേരിട്ടത്. വൈറസിനെതിരെ കൂട്ടമായി പോരാടിയതിന്റെ അടയാളമാണ് ഈ കുട്ടിയെന്നും ത്രിപാഠി പറഞ്ഞു.കുട്ടിയുടെ പേര് കേട്ട് ആദ്യം ആശുപത്രി ജീവനക്കാര്‍ അന്തംവിട്ടെങ്കിലും പിന്നീട് ദമ്പതികളുടെ തീരുമാനത്തെ പ്രശംസിച്ചു.