LiveTV

Live

National

കോവിഡ് 19; പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ശിരോമണി അകാലിദള്‍

നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സാധ്യമായ വിധത്തിൽ നമുക്ക് സംഭാവന ചെയ്യാമെന്ന് എസ്.എ.ഡി പ്രസിഡന്റിന്റെ മീഡിയ അഡ്വൈസര്‍ ജന്‍വീര്‍ സിംഗ് പറഞ്ഞു.

കോവിഡ് 19; പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ശിരോമണി അകാലിദള്‍

കോവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ശിരോമണി അകാലിദള്‍ . കോവിഡ് രോഗികളുടെ ചികിത്സക്കും വൈറസിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുമായിട്ടാണ് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കുന്നതെന്ന് എസ്.എ.ഡി അറിയിച്ചു.

ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ എം.പിമാരുമായും നിയമസഭയിലെ അംഗങ്ങളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് എസ്എഡി പ്രസിഡന്റിന്റെ നിർദ്ദേശത്തെത്തുടർന്ന് എല്ലാ പാർട്ടി എംപിമാരും നിയമസഭാംഗങ്ങളും ഏകകണ്ഠമായി ഈ ആവശ്യത്തിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാൻ സമ്മതിച്ചു. കോവിഡ് ബാധയെ നേരിടാന്‍ എല്ലാ പാർട്ടി നേതാക്കളും തൊഴിലാളികളും തങ്ങളെക്കൊണ്ടാവുന്ന വിധത്തില്‍ സംഭാവന ചെയ്യണമെന്നും കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

''മനുഷ്യസമൂഹം വളരെയധികം വെല്ലുവിളി നേരിടുന്ന സമയമാണിത്. ഈ സമയത്ത് നമ്മള്‍ സുരക്ഷിതരായിരിക്കുകയും രോഗികളായവരെ രക്ഷിക്കുകയും വേണം. നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സാധ്യമായ വിധത്തിൽ നമുക്ക് സംഭാവന ചെയ്യാമെന്ന് എസ്.എ.ഡി പ്രസിഡന്റിന്റെ മീഡിയ അഡ്വൈസര്‍ ജന്‍വീര്‍ സിംഗ് പറഞ്ഞു.

ആശുപത്രികളിലെ ഡോക്ടർമാർക്കും രോഗികൾക്കും മാസ്കുകളും വെന്റിലേറ്ററുകളും മരുന്നുകളും നൽകിക്കൊണ്ട് അല്ലെങ്കിൽ ആവശ്യമുള്ളവർക്ക് സേവനം ഉറപ്പുവരുത്തുന്നതിലൂടെ ജില്ലാ ഭരണകൂടത്തെ സഹായിക്കണമെന്ന് ബാദൽ എസ്എഡി ജില്ലാ പ്രസിഡന്റുമാരോട് അഭ്യർത്ഥിച്ചു. കൊറോണ വൈറസിനെതിരെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ആശുപത്രികള്‍ക്ക് എം.പിമാര്‍ തങ്ങളുടെ എം.പി ഫണ്ട് സംഭാവന ചെയ്യണമെന്ന് ബാദലും കേന്ദ്രമന്ത്രി ഹര്‍സിമത് കൌര്‍ ബാദലും ആവശ്യപ്പെട്ടു