LiveTV

Live

National

റിസോര്‍ട്ടുകള്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കും, വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കും; സഹായ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

നിലവിലെ പ്രതിസന്ധി മറികടക്കാൻ മഹീന്ദ്രയുടെ ഹോളീഡേ റിസോര്‍ട്ടുകള്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും ആവശ്യത്തിന് വെന്‍റിലേറ്ററുകള്‍ മഹീന്ദ്ര ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കും

റിസോര്‍ട്ടുകള്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കും, വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കും; സഹായ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

രാജ്യം കൊവിഡ് 19 ഭീതിയിലൂടെ കടന്നുപോവുകയാണ്. ഈ സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് വ്യവസായ പ്രമുഖനും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. നിലവിലെ പ്രതിസന്ധി മറികടക്കാൻ മഹീന്ദ്രയുടെ ഹോളീഡേ റിസോര്‍ട്ടുകള്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും ആവശ്യത്തിന് വെന്‍റിലേറ്ററുകള്‍ മഹീന്ദ്ര ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

'ഇന്ത്യ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ആരോഗ്യമേഖലയെ സാരമായി തന്നെ ഈ ഘട്ടം ബാധിക്കും. അതുകൊണ്ട് തന്നെ താത്ക്കാലികമായി ധാരാളം ആശുപത്രികൾ വേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. വെന്റിലേറ്ററുകളുടെ ഇവിടെ ദുർലഭമാണ്. ആയതിനാല്‍, ഞങ്ങളുടെ നിർമ്മാണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യത്തിന് വെന്റിലേറ്ററുകള്‍ നിർമ്മിച്ചു നൽകാന്‍ മഹീന്ദ്ര ഗ്രൂപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ തന്നെ മഹീന്ദ്ര ഹോളിഡേ റിസോർട്ടുകൾ താത്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയ്യാറാണ്' എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ഇതിന് പുറമെ പെട്ടെന്നുണ്ടായ പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ചെറുകിട വ്യവസായികളെയും സ്വയം തൊഴിലിനെ ആശ്രയിക്കുന്നവരെയും സഹായിക്കാൻ ഒരു ഫണ്ട് രൂപീകരിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.