LiveTV

Live

National

കോറോണ വൈറസ് വ്യാപനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: രജനീകാന്തിന്‍റെ പോസ്റ്റ് ട്വിറ്റർ പിൻവലിച്ചു

തെറ്റായ വിവരം പങ്കുവെച്ച് ട്വിറ്ററിന്‍റെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ ട്വിറ്റര്‍ എടുത്തുമാറ്റിയത്.

കോറോണ വൈറസ് വ്യാപനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: രജനീകാന്തിന്‍റെ പോസ്റ്റ് ട്വിറ്റർ പിൻവലിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനത കർഫ്യൂവിനെ പിന്തുണച്ചുകൊണ്ട് നടനും രാഷ്ട്രീയക്കാരനുമായ രജനീകാന്ത് ശനിയാഴ്ച ഇട്ട പോസ്റ്റ്, ട്വിറ്റർ പിൻവലിച്ചു. കൊറോണ വൈറസിനെക്കുറിച്ച് വസ്തുതാപരമായ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ട്വിറ്റര്‍ വീഡിയോ നീക്കം ചെയ്തിരിക്കുന്നത്. വൈറസ് ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലാണെന്നായിരുന്നു 69 കാരനായ താരത്തിന്‍റെ ട്വീറ്റ്. ആളുകൾ വീടിനകത്ത് തുടരുകയാണെങ്കിൽ വൈറസ് മൂന്നാം ഘട്ടത്തിലേക്ക് സാമൂഹവ്യാപനം വഴി കടക്കുന്നത് തടയാൻ കഴിയുമെന്നും ട്വിറ്ററിലൂടെ താരം പറഞ്ഞിരുന്നു.

വൈറസ് പടരുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ രജനികാന്ത് പറഞ്ഞിരുന്നു. വൈറസ് വ്യാപനത്തിന് പൂര്‍ണമായും തടയിടാന്‍ ഈ 12 മുതല്‍ 14 മണിക്കൂര്‍ വരെയുള്ള സമയം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെറ്റായ വിവരം പങ്കുവെച്ച് ട്വിറ്ററിന്‍റെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ ട്വിറ്റര്‍ എടുത്തുമാറ്റിയത്.

ആളുകൾ വീടിനകത്ത് തുടരുകയാണെങ്കിൽ വൈറസ് മൂന്നാം ഘട്ടത്തിലേക്ക് സാമൂഹവ്യാപനം വഴി കടക്കുന്നത് തടയാൻ ഞങ്ങള്‍ക്ക് കഴിയുമെന്നും അതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറിച്ചു.

ഇറ്റലിയിലും സര്‍ക്കാര്‍ ഇതുപോലെ ഒരു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു, പക്ഷേ, അത് ജനങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും തയ്യാറായില്ല. അതുകൊണ്ടാണ് അവിടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്. ഇന്ത്യയില്‍ അത് സംഭവിക്കാന്‍ പാടില്ലെന്നും രജനീകാന്ത് പറഞ്ഞു.

രജനീകാന്തിന്‍റെ പോസ്റ്റിന് കീഴെ നിരവധി വിമര്‍ശനങ്ങളാണ് കമന്‍റായി വന്നത്. ഇന്ത്യയെ പോലെ വൈറസ് വ്യാപനം മൂന്നാംഘട്ടത്തിലെത്തിയ ഒരു രാജ്യത്ത് എങ്ങനെയാണ് 14 മണിക്കൂര്‍ വീട്ടില്‍ ഇരിക്കുന്നത് വഴി എങ്ങനെയാണ് ഈ മഹാമാരിയില്‍ നിന്ന് രാജ്യം രക്ഷപ്പെടുന്നതെന്ന ചോദ്യം ഉയര്‍ത്തി പലരും രംഗത്തെത്തി. ട്വിറ്ററിന്‍റെ നിയമം ലംഘിച്ചതിനാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ഇപ്പോള്‍, അദ്ദേഹത്തിന്‍റെ ടൈംലൈനില്‍ കാണിക്കുന്നത്. പക്ഷേ ഇതേ വീഡിയോ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്‍റെ യൂട്യൂബ് ലിങ്ക് ഇപ്പോഴും ട്വിറ്ററില്‍ ലഭ്യമാണ്.

കോറോണ വൈറസ് വ്യാപനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: രജനീകാന്തിന്‍റെ പോസ്റ്റ് ട്വിറ്റർ പിൻവലിച്ചു

വൈറസ് വ്യാപനം തടയാന്‍ സാമൂഹികഅകലം പാലിക്കണമെന്ന അവബോധം പകര്‍ന്നുകൊണ്ട് നടനും മക്കള്‍നീതിമയ്യത്തിന്‍റെ പ്രസിഡന്‍റുമായ കമലാഹാസനും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. "വീടിനകത്ത് താമസിക്കുക, നിങ്ങൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഉത്തരവാദിത്തബോധം പുലർത്താൻ ശ്രമിക്കുക. സാമൂഹിക അകലം പാലിക്കുക, സുരക്ഷിതമായി തുടരുക"- എന്നായിരുന്നു കമലാഹാസന്‍റെ വീഡിയോ സന്ദേശം

ഒരു വ്യക്തിയുടെ തുമ്മലില്‍ നിന്ന് വീഴുന്ന തുള്ളികള്‍ ഒരു ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. വൈറസുള്ള ഉപരിതലത്തിലോ വസ്തുവിലോ സ്പര്‍ശിച്ചതിന് ശേഷം സ്വന്തം വായ, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ചാല്‍ ഒരു വ്യക്തിക്ക് അണുബാധ ഏല്‍ക്കാമെന്നും ആരോഗ്യരംഗത്തെ വിദഗ്‍ധര്‍ പറയുന്നു.

കോറോണ വൈറസിനെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂവിലാണ് രാജ്യം ഇന്ന്. ലോക്കൽ ട്രെയിനുകൾ, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം. കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ ജനങ്ങളിൽ അവബോധം ഉണ്ടാക്കാനാണ് ജനത കർഫ്യു.