LiveTV

Live

National

ആവശ്യമെങ്കില്‍ ഡൽഹി അടച്ചിടുമെന്ന് കേജ്‌രിവാൾ

തലസ്ഥാനത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 26 ആയി ഉയർന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ആവശ്യമെങ്കില്‍ ഡൽഹി അടച്ചിടുമെന്ന് കേജ്‌രിവാൾ

വേണ്ടിവന്നാൽ ഡൽഹി പൂർണമായും അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിലവില്‍ ഡല്‍ഹി അടച്ചിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ല. എന്നാല്‍ ആവശ്യമെങ്കില്‍ അത്തരം നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ശനിയാഴ്ച വ്യക്തമാക്കി. രാജ്യ തലസ്ഥാനത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 26 ആയി ഉയർന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

പ്രഭാതസവാരികള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണമെന്നും കേജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്നും അഞ്ചുപേരുണ്ടെങ്കില്‍ എല്ലാവരും തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

നിയന്ത്രണങ്ങളെ തുടർന്നു ദിവസക്കൂലിക്കാർ ഉൾപ്പെടെ നിരവധിയാളുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നു കോവിഡ് 19 സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിജിറ്റൽ വാർത്താസമ്മേളനത്തിൽ കേജ്‌രിവാൾ പറഞ്ഞു. മാധ്യമപ്രവർത്തകർ ഒത്തുകൂടുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ വാർത്താസമ്മേളനം നടത്തിയതെന്നും ഇനി മുതൽ സർക്കാരിന്റെ എല്ലാ വാർത്താസമ്മേളനവും ഡിജിറ്റൽ ആയിരിക്കുമെന്നും കേജ്‌രിവാൾ അറിയിച്ചു.