LiveTV

Live

National

‘അധികാരക്കൊതിയനായ ഒരു രാജാവ് മധ്യപ്രദേശില്‍ അട്ടിമറി നടത്തി’

ജനങ്ങള്‍ക്കു വേണ്ടി അവരോടൊപ്പം നിന്ന ഒരു സര്‍ക്കാറിനെയാണ് കോടികള്‍ വാരിയെറിഞ്ഞ്  ബി.ജെ.പി അട്ടിമറിച്ചതെന്നും കമല്‍നാഥ് പറഞ്ഞു

‘അധികാരക്കൊതിയനായ ഒരു രാജാവ് മധ്യപ്രദേശില്‍ അട്ടിമറി നടത്തി’

രാജിക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യക്ക് എതിരെ ആരോപണങ്ങളുമായി കമല്‍നാഥ്. അധികാര കൊതിയനായ ഒരു മഹാരാജാവും ഒപ്പമുള്ളവരും ചേര്‍ന്നാണ് മധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിച്ചതെന്ന് കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ഓരോ ദിവസവും ഗൂഢാലോചന നടത്തിയതായും കമല്‍നാഥ് കുറ്റപ്പെടുത്തി.

15 വര്‍ഷം സംസ്ഥാനം ഭരിച്ച ബി.ജെ.പിക്ക് മധ്യപ്രദേശിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും തൊഴിലില്ലാത്തവര്‍ക്കുമൊക്കെ ചെയ്തു കൊടുക്കാന്‍ കഴിയാതിരുന്ന വികസനമാണ് തന്റെ 15 മാസത്തെ ഭരണകാലത്ത് നടന്നതെന്ന് കമല്‍നാഥ് അവകാശപ്പെട്ടു. ജനങ്ങള്‍ക്കു വേണ്ടി അവരോടൊപ്പം നിന്ന ഒരു സര്‍ക്കാറിനെയാണ് കോടികള്‍ വാരിയെറിഞ്ഞും എം.എല്‍.എമാരെ തട്ടിയെടുത്ത് തടവില്‍ പാര്‍പ്പിച്ചും ബി.ജെ.പി അട്ടിമറിച്ചത്. തന്റെ സര്‍ക്കാര്‍ ഇനിയും മുന്നോട്ടു പോകുന്നതിനെ ബി.ജെ.പി ഭയപ്പെടാന്‍ വേറെയും കാരണങ്ങളുണ്ടെന്നും അവ വഴിയെ വ്യക്തമാക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

ജനവിധി ബി.ജെ.പിക്ക് എതിരായിട്ടും തന്റെ സര്‍ക്കാറിനെ ഒന്നാം ദിവസം മൂലം അട്ടിമറിക്കാനായിരുന്നു അവരുടെ നീക്കം. കോടികള്‍ വാരിയെറിഞ്ഞ് അവര്‍ നടത്തിയ ഓരോ നീക്കവും രാജ്യം കണ്ടതാണ്. ഈ നീക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് ജനത്തിനറിയാം. ഇന്നത്തേതിനു ശേഷം ഒരു നാളെ വരാനുണ്ടെന്ന് ബി.ജെ.പി മറക്കരുതെന്ന് കമല്‍നാഥ് പറഞ്ഞു.

രാജിവെച്ചയുടന്‍ ഗവര്‍ണറുടെ വസതിയിലെത്തിയ കമല്‍നാഥ് അടുത്ത മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നതുവരെ ചട്ട പ്രകാരമുള്ള കാവല്‍ മുഖ്യമന്ത്രിയായി തുടരും. അധികാരത്തിന് മൂന്ന് നേതാക്കള്‍ ചരടുവലി സജീവമാക്കിയ ബി.ജെ.പിയില്‍ സാധ്യത മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തന്നെയെങ്കിലും നരോത്തം മിശ്രയും നരേന്ദ്ര സിംഗ് തോമറും പദവിക്കായി നീക്കങ്ങള്‍ നടത്തുന്നുണ്ട്.