LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മൂന്ന് ദിവസങ്ങളിലായി 100ലേറെ പേര്‍ക്ക് വൈറസ് ബാധ

മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തത് 11ൽ അധികം കേസുകളാണ്. നാഗ്പൂരില്‍ ഭാഗികമായി സമൂഹ വ്യാപനം ഉണ്ടായതായി ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നതിനാല്‍ പരിശോധന ശക്തമാക്കി.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മൂന്ന് ദിവസങ്ങളിലായി 100ലേറെ പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു. 273 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി 100ല്‍ അധികം പേര്‍ക്ക് വൈറസ് ബാധയുണ്ടായി. മഹാരാഷ്ട്രയില്‍ മാത്രം 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു.

സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശങ്ങള്‍ അടക്കം 22 ഇടങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തത് 11ൽ അധികം കേസുകളാണ്. നാഗ്പൂരില്‍ ഭാഗികമായി സമൂഹ വ്യാപനം ഉണ്ടായതായി ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നതിനാല്‍ പരിശോധന ശക്തമാക്കി. മുംബൈയിൽ ട്രെയിനുകൾ കുറച്ചതോടെ റെയിൽവെ സ്റ്റേഷനുകളിൽ വൻ തിരക്കാണ് അനുഭവപ്പെുന്നത്.

രോഗം സ്ഥിരീകരിച്ചവരുമായും രോഗലക്ഷണങ്ങള്‍ ഉള്ളവരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടവർ ‌14 ദിവസത്തിനകം പരിശോധനയ്ക്ക് വിധേയർ ആയിരിക്കണമെന്ന് ഐ.സി.എം.ആര്‍ കര്‍ശന നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ തുടരുന്ന എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കും.

വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ ഔദ്യോഗിക വിവരങ്ങള്‍ പങ്കുവെക്കുന്ന ട്വിറ്റര്‍, വാട്സ്ആപ്പ് അക്കൌണ്ട് വിവരങ്ങളും ടോള്‍ ഫ്രീ നമ്പറും പങ്കുവെച്ചു. ലഖ്നൌവില്‍ കോവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തു നിന്നെത്തിയ ശേഷം പരിശോധന നടത്തിയില്ല, വിരുന്ന് സംഘടിപ്പിച്ചു തുടങ്ങിയവ ചൂണ്ടിച്ചാട്ടിയാണ് എഫ്ഐആര്‍. ഇതിനിടെ ഗോവയിൽ 144 പ്രഖ്യാപിച്ചു.