LiveTV

Live

National

20,000 കോടിയുടെ സാമ്പത്തികസഹായം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും, വീട്ടിലിരുന്ന് കൈമുട്ടാന്‍ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയും: പിണറായിയെയും മോദിയെയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

മോദിയുടെ ജനതാ കര്‍ഫ്യൂവിനെയും, 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമ്മില്‍ താരതമ്യപ്പെടുത്തുന്ന തിരക്കിലാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ.

20,000 കോടിയുടെ സാമ്പത്തികസഹായം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും, വീട്ടിലിരുന്ന് കൈമുട്ടാന്‍ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയും: പിണറായിയെയും മോദിയെയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ലോകമാകെ ആരോഗ്യരംഗത്തും സാമ്പത്തികരംഗത്തും കോവിഡ് 19 വന്‍ ഭീതിയും പ്രതിസന്ധിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെയാണ് കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വൈറസ് ബാധയെ പ്രതിരോധിക്കാനായി വരുന്ന ഞായറാഴ്ച രാജ്യമെങ്ങുമുള്ള ജനങ്ങളോട് 14 മണിക്കൂര്‍ സ്വയം കര്‍ഫ്യൂ പ്രഖ്യാപിച്ച് വീട്ടിലിരിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദമോദിയുടെ ആഹ്വാനം. മോദിയുടെ ജനതാ കര്‍ഫ്യൂവിനെയും, സംസ്ഥാനത്തിന് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമ്മില്‍ താരതമ്യപ്പെടുത്തുന്ന തിരക്കിലാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ. രാജ്യമെങ്ങും രാഷ്ട്രീയഭേദമന്യേ, കേരള മുഖ്യമന്ത്രിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും കോവിഡ് സാധാരണ ജനജീവിതത്തെ ബാധിച്ചുവെന്നും ഇത് സാമ്പത്തിക രംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞാണ്, ഈ ഘട്ടത്തില്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

കൂടാതെ, കുടുംബ ശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഈ മാസം നല്‍കും. സംസ്ഥാനത്താകെ എ.പി.എല്‍ - ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും. കുറഞ്ഞ ചെലവിൽ 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണ ശാലകൾ തുറക്കും. ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള ഫിറ്റ്‍നസ് ചാര്‍ജില്‍ ഇളവ് നല്‍കും. അടുത്ത മൂന്ന് മാസം നല്‍കേണ്ട നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ പിഴ കൂടാതെ അടക്കാന്‍ ഒരു മാസത്തെ ഇളവ് അനുവദിച്ചു. എന്‍റെര്‍ടെയിന്‍മെന്‍റ് ടാക്സില്‍ തിയറ്ററുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് പരാമര്‍ശിച്ചു. വരുന്ന ഞായറാഴ്ച രാജ്യമെങ്ങുമുള്ള ജനങ്ങളോട് 14 മണിക്കൂര്‍ സ്വയം കര്‍ഫ്യൂ പ്രഖ്യാപിച്ച് വീട്ടിലിരിക്കണമെന്നും വൈകീട്ട് അഞ്ചു മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും മാത്രമാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. അഞ്ചു മിനിട്ട് പ്ലേറ്റ് കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു മാസം സൗജന്യ അരിയും നികുതി ഇളവും വായ്പാ സഹായങ്ങളും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂവും അഞ്ച് മിനുട്ട് കയ്യടിയും എന്നാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്‍റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തത്.

കേരളത്തിന്‍റെ മുഖ്യമന്ത്രി 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി 14 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെന്നാണ് മറ്റൊരു ട്വീറ്റ്.

പ്രധാനമന്ത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച പിണറായി വിജയന്‍ രാജ്യദ്രോഹിയാണ്, അര്‍ബന്‍ നക്‌സലാണ് എന്നാണ് ഒരാള്‍ തമാശ രൂപേണ ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി കേരളത്തില്‍നിന്ന് പഠിക്കണമെന്നും ഈ രീതികള്‍ ഇന്ത്യയ്ക്ക് മുഴുവനും ആവശ്യമാണെന്നും ട്വീറ്റുകളുണ്ട്. പിണറായി വിജയനെപ്പോലെ ഒരു നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിനെയാണ് യെച്ചൂരി വിമര്‍ശിച്ചത്. കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ പേരിന് പോലും പരാമര്‍ശിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.‘കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ എന്ത് നടപടകള്‍ സ്വീകരിച്ചു എന്നതിനെക്കുറിച്ചും എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയെന്നും മോദി തന്‍റെ പരസ്യ പ്രസംഗത്തില്‍ അറിയാതെ പോലും പറയാതെ പോയതില്‍ ഖേദിക്കുന്നു,’ യെച്ചൂരി പറഞ്ഞു. കുറെ പ്രതീകാത്മകമായി സംസാരിക്കുന്നതിനപ്പുറം, വീട്ടിലിരുന്ന് പണിയെടുക്കുന്ന, ദിവസക്കൂലിക്ക് പോലും ബുദ്ധിമുട്ടുന്ന ഒരു ജനതയ്ക്ക് ഈ ദുരന്തത്തെ നേരിടുന്നതിനായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും യെച്ചൂരി ചോദിച്ചു. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.